ലൈഫ് മിഷൻ അഴിമതി : സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും
1 min readകൊച്ചി : ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചു. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ രവീന്ദ്രന് ഇഡി നിർദ്ദേശം നൽകി. ലൈഫ് മിഷൻ ഇടപാടിൽ സി.എം.രവീന്ദ്രന്റെ പങ്ക് സംശയിക്കാവുന്ന തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണിത്.
ലൈഫ് മിഷൻ അഴിമതിയിലെ മുഖ്യ സൂത്രധാരൻ എം.ശിവശങ്കറാണ് എന്ന് ഇഡി ഉറപ്പിക്കുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.എം.രവീന്ദ്രനിലേക്ക് എത്തിയത്. സ്വപ്നയുടെ മൊഴിയും സി.എം.രവീന്ദ്രന് എതിരാണ്. പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിന് രണ്ടു ദിവസം മുൻപ് ശിവശങ്കറും സ്വപ്നയും തമ്മിൽ നടന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ രവീന്ദ്രന്റെ പേരുമുണ്ട്. ധാരണാപത്രം എങ്ങനെയാകണം,കോൺസുലേറ്റ് എങ്ങനെ ഇടപെടണം എന്നെല്ലാം ശിവശങ്കർ നിർദ്ദേശം നൽകുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോൺസുലേറ്റ് കത്ത് നൽകണമെന്നും രവീന്ദ്രനെ വിളിക്കാമെന്നും അദ്ദേഹം സ്വപ്നയെ ഉപദേശിക്കുന്നുണ്ട്. ലൈഫ് മിഷൻ സിഇഒ യു.വി.ജോസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത് ശിവശങ്കറിന്റെ മാത്രം നിർദ്ദേശത്തിലല്ല എന്ന വിവരവും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
സ്വപ്നയും രവീന്ദ്രനും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകളും ഇഡിയുടെ കൈവശമുണ്ട്. സ്വർണ കള്ളക്കടത്തിന്റെ ഭാഗമായി സി.എം.രവീന്ദ്രനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. നാലാമത്തെ നോട്ടീസിനുശേഷമാണ് അന്ന് രവീന്ദ്രൻ ഹാജരായത്. രവീന്ദ്രനിലേക്ക് അന്വേഷണം നീളുന്നതോടെ പ്രതിരോധത്തിലാവുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്.