ലൈഫ് മിഷൻ കോഴക്കേസ് : സ്വപ്നയുടെ വാട്ട്സ്ആപ്പ് ചാറ്റുമായി മാത്യു കുഴൽനാടൻ; പോർവിളിയുമായി മുഖ്യമന്ത്രി
1 min readതിരുവനന്തപുരം : ലൈഫ്മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ സഭയിൽ വാക്‌പോര്. അടിയന്തിര പ്രമേയ നോട്ടീസിൻ മേലുള്ള ചർച്ചയിലാണ് ഇരുവരും സഭയിൽ ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്ട്സ്ആപ്പ് ചാറ്റുകളും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടുകളും ഉന്നയിച്ചായിരുന്നു മാത്യു കുഴൽനാടന്റെ ആക്രമണം.
ശിവശങ്കറും സ്വപ്ന സുരേഷും കോൺസൽ ജനറലും ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ടെന്ന് കുഴൽനാടൻ ചാണ്ടിക്കാട്ടി. ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി പച്ചക്കള്ളമാണെന്ന് പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് കള്ളമാണെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കണമെന്നും മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും നൽകാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞപ്പോൾ തനിക്ക് മാത്യു കുഴൽനാടന്റെ ഉപദേശം വേണ്ടെന്നും തന്റേതായ സംവിധാനങ്ങളുണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. മാത്യു കുഴൽനാടൻ ഇഡിയുടെ വക്കീലായി വാദിക്കുകയാണെന്നും വിമർശിച്ചു. കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ആസൂത്രിതവും ശാസ്ത്രീയവുമായ അഴിമതിയാണ് ലൈഫ് മിഷൻ എന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.
മാത്യു കുഴൽനാടൻ ശിവശങ്കറിന്റെ വാട്ട്സ്ആപ്പ് സന്ദേശങ്ങളെക്കുറിച്ച് സൂചിപ്പിച്ചതോടെ ഭരണപക്ഷം ബഹളമുണ്ടാക്കി. കുഴൽനാടന് ഉറപ്പുണ്ടെങ്കിൽ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് നിയമമന്ത്രി രാജീവ്. സഭാരേഖയിൽ ഉൾപ്പെടുത്തുമെന്ന് സ്പീക്കർ ഉറപ്പു നൽകിയാൽ മേശപ്പുറത്തു വെയ്ക്കാമെന്ന് കുഴൽനാടനും. ഇതോടെ മന്ത്രിമാർ ഉൾപ്പെടെ ഭരണപക്ഷം ഒന്നടങ്കം സീറ്റിൽ നിന്ന് എഴുന്നേറ്റ് ബഹളം വെച്ചു.
നിയമസഭയുടെ ശൂന്യവേളയിലാണ് ലൈഫ്മിഷനുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയനോട്ടീസ് പരിഗണിച്ചത്. വിഷയം പരിഗണിക്കുന്നതിനെ തദ്ദേശവകുപ്പുമന്ത്രി എം.ബി.രാജേഷ് ചോദ്യം ചെയ്തു. അപ്രസക്തമായ വിഷയമാണെന്നും ഈ വിഷയം മുൻപ് സഭയിൽ ഉന്നയിച്ചയാളെ വടക്കാഞ്ചേരിയിലെ ജനങ്ങൾ തോൽപ്പിച്ചുവെന്നും രാജേഷ് പരിഹസിച്ചു. സർക്കാരിന് ഈ പദ്ധതിയുമായി ബന്ധമില്ല, റെഡ്ക്രസന്റും യൂണിടാക്കും തമ്മിലാണ് കരാർ എന്നും അദ്ദേഹം പറഞ്ഞു. ഭരണ-പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കർ പത്തു മിനിട്ടോളം സഭാനടപടികൾ നിർത്തിവെച്ചു