ലാവലിന്‍ :ഇത്തവണ പിണറായി കുടുങ്ങുമോ
1 min readപിണറായിക്ക് :എല്ലാകാലത്തും രക്ഷപ്പെടാന്‍ പറ്റുമോ
ഒടുവില്‍ ലാവലിന്‍ അഴിമതിക്കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവലിന്‍ കേസ് പരിഗണിക്കുക. ഇതുവരെ 33 തവണയാണ് സുപ്രീംകോടതി ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിയത്. നേരത്തെ ചീഫ് ജസിറ്റിസ് യു.യു.ലളിത് ഉള്‍പ്പെടുന്ന ബെഞ്ചായിരുന്നു ലാവലിന്‍ കേസ് പരിഗണിച്ചിരുന്നത്. പിണറായി വിജയന്റെ തലക്ക് മുകളില്‍ ഡിമോക്ലസിന്റെ വാളായി കുറേക്കാലമായി തൂങ്ങിക്കിടക്കുകയാണ് ലാവലിന്‍ കേസ്. പിന്നീടാണ് സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉയര്‍ന്നുവന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഈ കേസില്‍ പ്രതിയാണെങ്കിലും മുഖ്യമന്ത്രിയുമായി ബന്ധമുള്ളവരാരും ഇതുവരെ ഈ കേസിന്റെ പ്രതിപട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിയുമായി വളരെ നല്ല വ്യക്തിപരമായ ബന്ധമാണെങ്കിലും സി.പി.എമ്മും ബി.ജെ.പിയും തമ്മിലോ സംസ്ഥാന സി.പി.എം നേതൃത്വവും കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവും തമ്മിലുള്ള രഹസ്യധാരണ മൂലമാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് നീട്ടുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി ശ്രമിക്കുന്ന ബി.ജെ.പി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ എതിരാായ സി.പി.എമ്മിനെ രഹസ്യാമായി സഹായിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ ബി.ജെ.പി ഇതിനെ മുഖവിലക്കെടുക്കുന്നില്ല. പരസപരം സഹായിച്ചുള്ള സഹകരണമാണ് കേരളത്തിലെ ഭരണകക്ഷിയായി സി.പി.എമ്മും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസുമെന്നുമാണ് ബി.ജെ.പി പറയുന്നത്.
ഏതായാലും പ്രധാനമന്ത്രി കേരളത്തിലുള്ള സമയത്ത് തന്നെയാണ് സുപ്രീംകോടതി ലാവലിന്‍ കേസ് പരിഗണിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലാണ് പ്രധാനമന്ത്രിയുടെ പരിപാടി. തിങ്കളാഴ്ച വൈകിട്ട് തേവര കോളേജ് ഗ്രൗണ്ടില്‍ യുവം പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി കൊച്ചിയില്‍ റോഡ് ഷോയിലും പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയും തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം തന്റെ ആദ്യ പരിപാടിയില്‍ പങ്കെടുക്കുന്നതിവിടെയായിരിക്കും.
ലാവലിന്‍ കേസില്‍ ആദ്യം കോടതി പിണറായി വിജയനെ കുറ്റിവമുക്തനാക്കിയെങ്കിലും സിബി.ഐ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും പിണറായിക്ക് അനുകൂലമായി വിധിച്ചതിനെ തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.
പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനായി വൈദ്യുതി ബോര്‍ഡ് കാനഡയിലെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായ കരാറിലേര്‍പ്പെടുന്നത്്. അന്ന് യു.ഡി.എഫായിരുന്നു ഭരണത്തില്‍. പിന്നീട് എല്‍.ഡി.എഫ് വന്നതോടെ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി.
1996 ഒക്ടോബറില്‍ കനഡയിലെത്തി പിണറായി കമ്പനി അധികകൃതരുമായി ചര്‍ച്ച നടത്തി. 1997 ഫെബ്രുവരി 02ന് വൈദ്യുതി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ രൂപീകരിച്ച ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. പളളിവാസല്‍, ചെങ്കുളം പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പരിഗണിക്കാനും കമ്മിറ്റി നിര്‍ദ്ദേശിച്ചു.
1997 ഫെബ്രുവരി 10ന് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തളളിക്കൊണ്ട് ലാവലിനുമായി അന്തിമ കരാര്‍ ഒപ്പുവയ്ക്കുന്നു. പദ്ധതി നവീകരണത്തിന് ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതലകൂടി ലാവലിന് നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.
1998 മാര്‍ച്ചില്‍ മന്ത്രിസഭായോഗം കരാര്‍ അംഗീകരിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിന് 98.30 കോടി രൂപ ലാവലിന്‍ നല്‍കുമെന്ന് കരാര്‍. എന്നാല്‍ കാന്‍സര്‍ സെന്ററിന് ലഭിച്ചത് 8.98 കോടി മാത്രം. ലാവലിന്‍ കരാറില്‍ അഴിമതി നടന്നുവെന്ന സംശയത്താല്‍ പിന്നീട് വന്ന എ.കെ.ആന്റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.
ആഗോള ടെന്‍ഡര്‍ വിളിക്കാതെ ലാവലിനുമായി കരാറൊപ്പിട്ടതില്‍ കാണിച്ച അനാവശ്യ തിടുക്കവും ഒത്തുകളിയും മൂലം സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായി 2005ല്‍ സി.എ.ജി റിപ്പോര്‍ട്ട്.
ടെന്‍ഡര്‍ വിളിക്കാതെ നല്‍കിയ ലാവലിന്‍ കരാറില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സും കണ്ടെത്തി.
2006 മാര്‍ച്ച് 2നാണ് ലാവലിന് കേസ് സി.ബി.ഐക്കു വിട്ടത്. സര്‍ക്കാരുമായി ആലോചിക്കാതെ എഫ്.ഐ.ആര്‍ നല്‍കിയ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറ്റി.
പിന്നീട് ലാവലിന്‍ കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി. 2007 മേയ് 16 വ്യവസായ മന്ത്രി എളമരം കരീമിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍.ശശിധരന്‍ നായരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി.
പിന്നീട് സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗം ഇ.ബാലാനന്ദനെ സി.ബി.ഐ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ ഊര്‍ജ്ജ വകുപ്പില്‍ നിന്ന് ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട 13 ഫയലുകള്‍ കണ്ടെടുത്തു.
2007 ഡിസംബര്‍ 18ന് വൈദ്യുതി മന്ത്രിയായിരിക്കെ ഉണ്ടാക്കിയ ലാവലിന്‍ ഇടപാടു സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ചെന്നൈയില്‍ വിളിച്ചുവരുത്തി സി.ബി.ഐ രഹസ്യ തെളിവെടുപ്പ് നടത്തി. ലാവലിന്‍ ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നാതായി സി.ബി.ഐ കണ്ടെത്തി.
2008 മാര്‍ച്ച് 17ന് ലാവലിന്‍ ഇടപാടിലെ ക്രമക്കേടുമൂലം വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
2009 മേയ് 20നാണ് മന്ത്രിസഭയുടെ നിര്‍ദ്ദേശം തളളി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്നത്തെ ഗവര്‍ണര്‍ ആര്‍.എസ്.ഗവായി അനുമതി നല്‍കിയത്.
2013 നവംബര്‍ 5നാണ് ലാവലിന്‍ കേസില്‍ പിണറായി വിജയനടക്കം 7 പേരെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്.
2017 ആഗസ്റ്റ് 23ന് പിണറായിയെ കുറ്റവിമുക്തമാക്കിയ വിധി ഹൈക്കോടതി ശരിവച്ചു തുടര്‍ന്നാണ് കേസ് സ്ുപ്രീം കോടതിയിലെത്തിയത്.