ഞാന്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരവുമായി ലന
1 min readലനയെ ഇരുത്തിച്ചിന്തിപ്പിച്ചു ‘തേന്മാവിന് കൊമ്പത്തി’ലെ ആ ഡയലോഗ്
തേന്മാവിന് കൊമ്പത്ത് സിനിമയിലെ പപ്പുവിന്റെ ഡയലോഗ് ആരും മറന്നിട്ടുണ്ടാകില്ല. ”താന്‍ ആരാണെന്നു തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാണെന്ന്”, അത് തന്നെ. ഈ ഡയലോഗ് ഇപ്പോള്‍ കടമെടുത്തിരിക്കുകയാണ് നടി ലെന. കടമെടുത്തത് ‘ഞാന്‍ ആരാണെന്ന’ ചോദ്യത്തിന് മറുപടി നല്‍കാനാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ സംസാരിക്കുകയായിരുന്നു നടി. ‘തേന്മാവിന് കൊമ്പത്ത്’ സിനിമയിലെ ഡയലോഗ് തന്നെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ടെന്നും നിങ്ങള്‍ ആരാണെന്ന് അറിയില്ലെങ്കില്‍ തന്നെ സമീപിച്ചാല്‍ പറഞ്ഞു തരാമെന്നും ലെന പറയുന്നു.
താന്‍ ആരെന്നതിനെ പറ്റിയും എന്താണെന്നതിനെ പറ്റിയും നടി പറയുന്നതിങ്ങനെ. എല്ലാവരുടെയും ജീവന് ഒന്നാണ്. വിവിധ രൂപവും മനസ്സുമായി ജനിക്കുന്നതാണ്. എല്ലാവരുടെയും ഉള്ളിലിരിക്കുന്ന ജീവനെയാണ് താന്‍ ദൈവം എന്ന് വിളിക്കുന്നത്. ഒരു ചോദ്യം ചോദിക്കുമ്പോള്‍ അതിന് ഉത്തരം അറിയാത്തവര്‍ പ്രകടിപ്പിക്കുന്ന വികാരമാണ് ഈഗോ, അതുകൊണ്ട് അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണമെന്ന് ലെന പറയുന്നു.
”എന്റെ ശരീരം, എന്റെ മനസ്സ് എന്ന് പറയുന്നത് ആരാണെന്ന് അറിയില്ലെങ്കില്‍ നൂറു ശതമാനം സമാധാനം ആര്‍ക്കും ഉണ്ടാകില്ല. ‘താന്‍ ആരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാണെന്ന്’ എന്ന തേന്മാവിന് കൊമ്പത്തിലെ ഡയലോഗ് കേട്ടപ്പോള്‍ ഞാന്‍ ഇരുന്നു കാര്യമായി ചിന്തിച്ചു, ഇതില്‍ എന്തോ കാര്യം ഉണ്ടല്ലോ എന്ന്. നമ്മള് എല്ലാവരും നമ്മളെ ഞാന്‍ എന്നാണ് വിളിക്കുന്നത്. എന്റെ ശരീരം, എന്റെ മനസ്സ് എന്ന് പറയുന്നത് ആരാണെന്നു ചോദിച്ചാല്‍ നമ്മള് പറയും ഞാന്‍ ആണെന്ന്. ഓരോ ശരീരത്തിനും ഉള്ളില്‍ ഇരിക്കുന്നത് ആരാണോ അവരാണ് പറയുന്നത് ഇത് ഞാന്‍ ആണെന്ന്. ഈ ഒരൊറ്റ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോള്‍ എല്ലാറ്റിനും ഉത്തരമായി. അതാണ് ഇംഗ്ലിഷില്‍ ‘ഐ’ എന്ന് അവകാശപ്പെടുന്നത്.
ഞാന്‍ ആരാണെന്ന ചോദിക്കാന്‍ ആദ്യം നമ്മെ പഠിപ്പിച്ചത് രമണ മഹര്‍ഷിയാണ്. രമണ മഹര്‍ഷിയോട് ആര് എന്തു ചോദിച്ചാലും പുള്ളി ചോദിക്കും ആരാണ് ഇത് ചോദിക്കുന്നതെന്ന്. ഇതിനു ഉത്തരം കിട്ടാതെ കുറേപ്പേര് മരിച്ചുപോയിട്ടുണ്ട്. ഇത് ഒന്നുകൂടി ലളിതമാക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ആലോചിച്ചു, എന്നിട്ടാണ് എന്റെ പുസ്തകത്തില്‍ അഞ്ച് ഡബ്ല്യു (ഹൂ, വാട്ട്, വെന്‍, വെയര്‍, വൈ) ആക്കിയത്. നിങ്ങള്‍ ആരാണെന്നു ചോദിക്കുമ്പോള്‍ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതായിട്ടാണ് തോന്നുന്നത്. അത് മാറ്റി, എല്ലാം ഒരൊറ്റ ഞാന്‍ അല്ലേ എന്ന് ചോദിച്ചാല്‍ പ്രശ്നം തീര്‍ന്നു.
നിങ്ങള്‍ ആരാണ് എന്ന ചോദ്യം മാറ്റി നിങ്ങള്‍ എന്താണ് എന്നാക്കാം. സ്വയം ചോദിക്കേണ്ടത് ഞാന്‍ ആരാണ് എന്നല്ല, ഞാന്‍ എന്താണ് എന്നാണ്. ”ഞാന്‍ എന്ന വാക്ക് എന്താ” ആ ഒരു നിലപാട് എടുത്താല്‍ നമ്മള് റിലാക്സ്ഡ് ആകും. ചോദ്യം വ്യക്തിപരവുമല്ലാതെയാകും. ചോദ്യം വ്യക്തിപരം ആകുമ്പോഴാണ് ഈഗോ ഉണ്ടാകുന്നത്. ഈഗോ അറിവില്ലായ്മ ആണ്. ഒരാള്‍ക്ക് ഒരു കാര്യം അറിയില്ലെങ്കില്‍ അയാള്‍ പ്രതിരോധത്തിലാകും. എന്നോട് ആ ചോദ്യം ചോദിക്കേണ്ട, എനിക്കിഷ്ടമല്ല എന്ന് പറയും. കാരണം ഉത്തരം അറിയില്ല. നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ അറിയില്ല എന്നുണ്ടോ, അതൊക്കെ ചോദിക്കുമ്പോള്‍ ഈഗോ വരും. നമുക്ക് ഒരു കാര്യം അറിയില്ലെങ്കില്‍ അത് മനസ്സിലാക്കാന്‍ ശ്രമിക്കണം. അപ്പോള്‍ നമ്മുടെ അറിവില്ലായ്മ കുറയും, നമ്മുടെ ഈഗോ കുറയും.
ഞാന്‍ എന്ന് പറഞ്ഞാല്‍ ജീവന്. ഞാന്‍ ജീവനാകുന്നു. ഞാന്‍ തന്നെയാണ് എല്ലാ മനസ്സുകളെയും ശരീരത്തെയും ചലിപ്പിക്കുന്നത്. ഞാന്‍ ആ ശരീരത്തില്‍നിന്ന് മാറിക്കഴിഞ്ഞാല്‍ ആ ശരീരത്തെ നശിപ്പിക്കേണ്ടി വരും. അപ്പോള്‍ നമ്മള് നമ്മുടെ ശരീരമല്ല, നമ്മള് നമ്മുടെ മനസ്സല്ല, നമ്മള് ജീവനാണ്. നമ്മളെ നശിപ്പിക്കാന്‍ കഴിയില്ല. ഞാന്‍ ആ ജീവനെയാണ് ദൈവം എന്ന് വിളിക്കുന്നത്. നമ്മള് എല്ലാവരും പല രൂപത്തില്‍ ജീവനാണ്. ഒരു രൂപം മറ്റൊരു രൂപം പോലെയല്ല ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും, ഒന്നും ഒരുപോലെ അല്ല. കാരണം ജീവന് ആവര്‍ത്തിക്കുന്നില്ല. ജീവന് പല തരത്തിലുള്ള രൂപവും മനസ്സുമാണ് ആവശ്യം. അതിനു വേണ്ടിയിട്ടാണ് ഇവിടെ രൂപമെടുക്കുന്നത്.
എല്ലാവരും ഒരുപോലെ ആകാനല്ല, ആ രൂപത്തെപ്പോലെ ആകാന്‍ വേണ്ടിയാണ് രൂപമെടുക്കുന്നത്. ആ ജീവന് ആയി ജീവിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. ജീവന് ജീവന് എന്തെന്ന് അറിയണമെങ്കില്‍ ഒരു രൂപം വേണം അതിലൂടെ ജീവിക്കണം. നമ്മള് എല്ലാവരും ജീവിക്കാന്‍ വേണ്ടി രൂപമെടുത്ത ജീവനാണ്. ഞാന്‍ അങ്ങനെയാണ് എന്നെ മനസ്സിലാക്കിയിട്ടുള്ളത്. ഇനി നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കില്‍ നിങ്ങള്‍ എന്നോട് ചോദിക്ക് അപ്പൊ ഞാന്‍ ആരാണെന്നു പറഞ്ഞു തരുമ്പോള്‍ എല്ലാവര്ക്കും മനസ്സിലാകും നമ്മള് എല്ലാവരും ഒരേ ഒരേ ജീവന്റെ പല രൂപങ്ങളാണെന്ന്.”ലെന പറഞ്ഞു.