ഒരു മറവത്തൂര്‍ കനവെന്ന സ്വപ്നം
1 min readമറവത്തൂര്‍ കനവിലേക്കുള്ള ലാലിന്റെ യാത്ര
ശ്രീനിവാസന്റെ തിരക്കഥയില്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 1998ല്‍ പിറന്ന ചിത്രം… ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അന്നത്തെ മോളിവുഡിലെ പ്രശസ്ത സംവിധായകരുടെ ആദ്യ ചിത്രങ്ങളില്‍ മമ്മൂട്ടി തന്നെയായിരുന്നു നായകന്‍. ആ പട്ടികയില്‍ ലാല്‍ജോസും അമല്‍ നീരദും അന്‍വര്‍ റഷീദും ആഷിക് അബുവുമൊക്കെയുണ്ട്. ആ പ്രോജക്റ്റ് ഉണ്ടായിവന്ന വഴി എങ്ങനെയെന്ന് നമുക്ക് നോക്കാം.
ലാല്‍ജോസ് ഒരിക്കല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീനിവാസന്റെ വാക്കും മമ്മൂട്ടിയുടെ ഓഫറുമാണ് ആ സിനിമ സാധ്യമാക്കിയതെന്നാണ് പങ്കുവെച്ചത്. ചില യാത്രകളാണ് ലാലിനെ ആ സിനിമയിലേക്കെത്തിച്ചത്.
മറവത്തൂര്‍ കനവ് ഇറങ്ങുന്നതിന് രണ്ട് വര്‍ഷം മുന്‍പേ തുടങ്ങിയ ലാലിന്റെ യാത്ര. ശ്രീനിവാസന്‍ അഭിനയിച്ചിരുന്ന സിനിമാ ലൊക്കേഷനിലൂടെയായിരുന്നു ആ യാത്ര. തൊണ്ണൂറുകളുടെ രണ്ടാം പാതിയില്‍ വധു ഡോക്ടറാണ് എന്ന സിനിമയുടെ അസോസിയേറ്ററായി സെറ്റില്‍ ഓടി പായുമ്പോള്‍ ആ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായിരുന്ന അലക്‌സാണ്ടര്‍ മാത്യു പൂയപ്പളളിയും ഡോക്ടര്‍ ബ്രൈറ്റും അവരുടെ അടുത്ത പടത്തിലൂടെ ലാലിനെ സ്വതന്ത്ര സംവിധായകനാക്കാം എന്ന ഓഫര്‍ വയ്ക്കുന്നു. ഉടനടി ഒരു തീരുമാനത്തിന് ധൈര്യമില്ലാത്തതിനാല്‍ ശ്രീനിയേട്ടനോ ലോഹിസാറോ തിരക്കഥയെഴുതി തന്നാല്‍ സംവിധാനം ചെയ്യാം എന്നൊരു അതിമോഹം ലാല്‍ പറയുന്നു. വധു ഡോക്ടറാണ് എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്ന ശ്രീനിയേട്ടന്റെ ചെവിയിലും ഈ വിവരം അവര്‍ എത്തിച്ചു. ഞെട്ടിച്ചു കൊണ്ട് ശ്രീനിയേട്ടന്റെ മറുപടി.. ലാല്‍ ജോസാണെങ്കില്‍ ഞാന്‍ എഴുതാം. ആ വാക്കിന്റെ മാത്രം ബലത്തില്‍ ഒരു പ്രൊജക്ടിന് ചിറക് മുളച്ചു. രണ്ട് കൊല്ലം ശ്രീനിവാസനൊപ്പം പല സെറ്റുകളില്‍ കഥാ ചര്‍ച്ച. അഭിനയം കഴിഞ്ഞ് ശ്രീനിവാസന്‍ ഫ്രീയാകുമ്പോള്‍ ലാലുമായി സിനിമയുടെ ചര്‍ച്ചയിലാവും. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ മുറി വാടകയ്‌ക്കെടുത്തായിരുന്നു നിരാശയും എന്നാല്‍ പ്രതീക്ഷയോടുള്ള ലാലിന്റെ കാത്തിരിപ്പ്.
അതിനിടെയാണ് ഉദ്യാനപാലകനില്‍ അസോസിയേറ്റായി പണിയെടുക്കുന്ന ലാല്‍ ജോസിനോട് മമ്മൂക്കയുടെ കുശലാന്വേഷണം. ആരാണ് നിന്റെ പടത്തിലെ നായകന്‍ എന്നദ്ദേഹം ചോദിച്ചു. കഥ ആലോചനകള്‍ നടക്കുന്നേയുളളൂ എന്ന് ലാലിന്റെ മറുപടി. കഥയായി വരുമ്പോ അതിലെ നായകന് എന്റെ ഛായയാണെന്ന് നിനക്ക് തോന്നിയാല്‍ ഞാന്‍ അഭിനയിക്കാമെന്ന് മമ്മൂക്ക. അന്നത് ലാല്‍ തമാശയായിട്ടെടുത്തു. മമ്മൂക്കയെപോലൊരു വലിയ താരത്തെ നായകനാക്കുന്ന കാര്യമൊന്നും അന്ന് അദ്ദേഹത്തിന്റെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. കഥ ആയിട്ടില്ലെന്ന് പറഞ്ഞു തല്‍ക്കാലത്തേക്ക് മമ്മൂക്കയുടെ മുന്നില്‍ നിന്നൂം ലാല്‍ രക്ഷപ്പെട്ടു. മമ്മൂട്ടിയെ പോലൊരു സൂപ്പര്‍താരത്തെ വച്ച് സിനിമയെടുത്തു പരാജയപ്പെട്ടാല്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ ഓര്‍ത്താകും അന്നദ്ദേഹം അങ്ങനെ ചെയ്തത്. പിറ്റേന്നു രാവിലെ ശ്രീനിവാസന്‍ ലാലിനെ വിളിച്ചു. മമ്മൂട്ടി ഡേറ്റ് തന്നിട്ടും അത് നിരസിച്ചതിനായിരുന്നു ശ്രീനിയുടെ പരിഭവം. അപ്പോള്‍തന്നെ മമ്മൂക്കയുടെ വീട്ടില്‍ പോയി ലാല്‍ കാണ്ടു. അങ്ങനെ മറവത്തൂരിലെ നായകനായി മമ്മൂക്ക എത്തുന്നു. 1997 ഡിസംബറില്‍ ഷൂട്ട് തുടങ്ങുന്നു. 98 ഏപ്രില്‍ എട്ടിന് റിലീസ്. ശീനിവാസന്റെ വാക്ക്, മമ്മൂട്ടിയുടെ ഓഫര്‍, അലക്‌സാണ്ടര്‍ മാത്യുവിന്റേയും ഡോക്ടര്‍ ബ്രൈറ്റ്രിന്റേയും ഉത്സാഹം, ലാല്‍ജോസെന്ന ചെറുപ്പക്കാരനില്‍ ഇവരെല്ലാം ചേര്‍ന്ന് നിറച്ച് തന്ന ഊര്‍ജ്ജമാണ് ‘ഒരു മറവത്തൂര്‍ കനവാ’യി മാറിയത്.