കാര്‍ഗിലില്‍ വീരമൃത്യു വരിച്ച അച്ഛന് പിറകെ കുല്‍വന്ത് സിംഗ് പൂഞ്ചില്‍ ബലിദാനിയായി

1 min read

അച്ഛന്റെ പാത പിന്തുടര്‍ന്ന് കുല്‍വന്ത് സിംഗും പൂഞ്ചില്‍ നാടിന് വേണ്ടി പൊരുതിമരിച്ചു

കഴിഞ്ഞ ദിവസം പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ കുല്‍വന്ത് സിംഗ് അക്ഷരാര്‍ഥത്തില്‍ പിന്തുടര്‍ന്നത് അച്്ഛന്റെ പാത തന്നെ. 1990ല്‍ കാര്‍ഗിലില്‍ അതിര്‍ത്തി കാക്കുന്നതിനിടെ ബല്‍വന്ത് സിംഗ് വീരമൃത്യു വരിക്കുമ്പോള്‍ മകന്‍ കുല്‍വന്ത് സിംഗിന് പ്രായം ഒരു വയസ്സ് മാത്രം.

കുല്‍വന്ത് സിംഗിന്റെ അമ്മ ഹര്‍ജിന്ദര്‍ കൗര്‍ പറയുന്നു. നാടിന് വേണ്ടി വീര മൃത്യു വരിച്ച എന്റെ മകന്റെ പേരില്‍ എനിക്ക് അഭിമാനം തോന്നുന്നു. അവന്റെ അച്ഛന്‍ അതിര്‍ത്തി കാക്കുന്നതിനിടെ കൊല്ലപ്പെടുമ്പോള്‍ മകനൊരു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. മുപ്പത് വര്‍ഷത്തിന് ശേഷം മകനും അച്ഛന്‍ പ്രചോദനമേകിയ വഴികളിലൂടെ നടന്നു. ധീരനായി. ഇനി അവന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ആരു നോക്കുമെന്ന വേവലാതിയാണ് ഹര്‍ജിന്ദറിന്.

പഞ്ചാബിലെ മോഗ ജില്ലയില്‍ ചാരിക്ക് ഗ്രാമത്തിലാണ് കുല്‍വന്ത് ജനിച്ചത്. പത്ത് വര്‍ഷം മുമ്പാണ് അവന്‍ പട്ടാളത്തില്‍ ചേര്‍ന്നത്. ഒന്നര വയസ്സുള്ള മകള്‍ അര്‍മന്‍ദീപും അഞ്ചുമാസം പ്രായമായ മകന്‍ ഫതേഹ് വീറും ആണ് കുല്‍വന്തിന്റെ മക്കള്‍. എങ്ങനെ തന്റെ കുഞ്ഞുങ്ങളെ അച്ഛനില്ലാതെ വളര്‍ത്തിയെടുക്കുമെന്ന ഉത്കണ്ഠയാണ് കുല്‍വന്തിന്റെ ഭാര്യ ഹര്‍ദീപിന്. എന്താണ് നടന്നതെന്ന് പോലും മനസ്സിലാക്കാന്‍ ഈ കുഞ്ഞുങ്ങള്‍ക്ക് പ്രായമായില്ല. മൂന്നുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായിത്. തന്റെ കുഞ്ഞുങ്ങളോട് കുല്‍വന്തിന് അത്രയും കാര്യമായിരുന്നുവെന്ന് സഹോദരന്‍ സുഖ് വീന്ദര്‍ പറയുന്നു. അവരെക്കുറിച്ച് അവനെപ്പോഴും വേവലാതിയായിരുന്നു. തലേദിവസം ഫോണില്‍ സംസാരിച്ചപ്പോഴും കുഞ്ഞിന് കൃത്യസമയത്ത് വാക്‌സിനേഷന്‍ എടുത്തുവെന്നുറപ്പുവരുത്താനായിരുന്നു അവനെന്നോട് പറഞ്ഞത്.

ഇന്ത്യാ പാക് അതിര്‍ത്തിക്ക് 7 കിലോ മീറ്റര്‍ അടുത്താണ് കഴിഞ്ഞ ദിവസം ഭീകര ആക്രമണം നടന്ന ഭീംസെര്‍ഗാലി. ഏഴ് ഭീകരരാണ് ആക്രമണത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം. റോഡിന് മുകളിലുള്ള കുന്നിലും വാഹനത്തിന്റെ മുന്നിലെ ഇടതുവശത്തുനിന്നും ആണ് ഇവര്‍ ആക്രമണം നടത്തിയത്. അതിര്‍ത്തിയിലെ കാട്ടിലാണ് ഇവര്‍ ഒളിച്ചിരുന്നത്. പാക്കിസ്ഥാന്‍ കേന്ദ്രമായി ലഷ്‌കര്‍ ഇ തോയബയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഈ വര്‍ഷം ജനുവരിയില്‍ യു.എ.പി.എ നിയമ പ്രകാരം നിരോധിക്കപ്പെട്ട പീപ്പിള്‍സ് ആന്റി ഫാസിസറ്റ് ഫ്രണ്ടും (പി.എ.എഫ്.എഫ്) ആക്രമണത്തിന്റെ പിന്നിലുണ്ടെന്നാണ് നിഗമനം.

ശ്രീനഗറില്‍ മൂന്നാമത് ജി.20 ടൂറിസം ഉച്ചകോടി നടക്കാനിരിക്കേയാണ് ഭീകരാക്രമണം നടക്കുന്നത്. ശ്രീനഗറില്‍ ജി.20 യോഗം ചേരുന്നതിനെ പാകിസ്ഥാന്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. ചൈനയ്ക്കും ഇതേ നിലപാടാണ്. എന്നാല്‍ സമ്മേളന വേദി മാറ്റില്ലെന്ന് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയതാണ്.
പൂഞ്ചിറ റജൗരി പ്രദേശത്ത് നേരത്തെയും ഭീകരാക്രമണം നടന്നിരുന്നു.

7.62 എം.എം സ്റ്റീല്‍ കോര്‍ ബുള്ളറ്റാണ് ഭീകരര്‍ ഉപയോഗിച്ചത്. വെടിവെപ്പില്‍ സൈനിക വാഹനത്തിന്റെ ഡീസല്‍ ടാങ്ക് തകര്‍ന്ന് തീപിടിച്ചതാണോ ജവാന്മാരെ വെടിവച്ചതിന് ശേഷം ഭീകരര്‍ സൈനിക വാഹനത്തിന് തീയിട്ടതാണോ എന്ന് വ്യക്തമല്ല. 2019 പുല്‍വാമയില്‍ നടന്ന ഭീകര ആക്രമണത്തിന് ശേഷം നടക്കുന്ന വലിയ ആക്രമണമാണിത്. 2018ല്‍ സി.ആര്‍.പി.എഫ് കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിലും സ്റ്റീല്‍ കോര്‍ ബുള്ളറ്റ് ഉപയോഗിച്ചിരുന്നു. അതേ സമയം ദൂരെ മാറി നിന്ന് ഉപയോഗിക്കാവുന്ന ഐ.ഇ.ഡി എക്‌സ്‌പ്ലോസിവ്‌സ് ആണോ ഉപയോഗിച്ചതെന്നും വ്യക്തമായിട്ടില്ല. ചൈനിസ് നിര്‍മിത ആയുധങ്ങളാണ് ആക്രമണത്തിനു ഉപയോഗിച്ചത്.

Related posts:

Leave a Reply

Your email address will not be published.