കെഎസ്ആർടിസി യിൽ ശമ്പളം ടാർഗറ്റ് അനുസരിച്ച്

1 min read

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ വരുമാനത്തിനനുസരിച്ച് ശമ്പളം നൽകാൻ മാനേജ്‌മെന്റ് നീക്കം. ഇതിനായി ഡിപ്പോ തലത്തിൽ ടാർഗറ്റ് നിശ്ചയിക്കും. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ഇക്കാര്യം അറിയിച്ചത്.
ഒരു ഡിപ്പോയിലെ ബസുകളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം, ഇന്ധനച്ചെലവ്, വരുമാനത്തിന്റെ അനുപാതം എന്നിവയുടെ അടിസ്ഥാനത്തിലാണ് ടാർഗറ്റ് നിശ്ചയിക്കുന്നത്. 100% ലക്ഷ്യം നേടിയാൽ അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റിന്റെ 50% മാത്രം നേടിയാൽ പകുതി ശമ്പളമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240കോടി രൂപയാക്കുക എന്ന ലക്ഷ്യത്തിലെത്താനാണ് ഓരോരുത്തർക്കും ടാർഗറ്റ് നിശ്ചയിക്കുന്നത്. സർക്കാർ സഹായം നൽകിയില്ലെങ്കിൽ ഏപ്രിൽ മുതൽ ഈ രീതി നടപ്പിൽ വരുത്താനാണ് തീരുമാനം. ഇതിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. എന്നാൽ മാനേജ്‌മെന്റിന്റെ ഈ നിർദ്ദേശത്തിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്തെത്തി. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്കു വിരുദ്ധമായ നടപടി അംഗീകരിക്കാനാവില്ലെന്നാണ്് തൊഴിലാളികൾ പറയുന്നത്.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചക്കകം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടാനും കോടതി നിർദ്ദേശിച്ചു. കെഎസ്ആർടിസി കനത്ത പ്രതിസന്ധിയിലാണെന്നും ഏപ്രിൽ മുതൽ ശമ്പളം നൽകാൻ സർക്കാർ സഹായം ഉണ്ടാകില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പത്താം തീയതി കഴിഞ്ഞിട്ടും ശമ്പളം നൽകാതെ വന്നതോടെയാണ്‌ കോടതി ഇടപെട്ടത്.
60കോടി രൂപയാണ് ശമ്പളം നൽകാൻ ആവശ്യമായ തുക. സർക്കാർ അനുവദിച്ചതാകട്ടെ 30കോടിയും. ഇനി ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് സർക്കാർ. എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.