കൂലിപ്പണിക്ക് പോകാൻ 3 ദിവസത്തെ അവധി തരണം
1 min readശമ്പളം കിട്ടാത്ത KSRTC ഡ്രൈവറുടെ വേറിട്ട പ്രതിഷേധം
കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം മുടങ്ങിയതോടെ വ്യത്യസ്തമായൊരു പ്രതിഷേധവുമായി ഡ്രൈവർ. ശമ്പളമില്ലാത്തതിനാൽ കൂലിപ്പണിക്കു പോകാൻ മൂന്നു ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവറുടെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ ഷിജുവാണ് വേറിട്ട പ്രതിഷേധക്കാരൻ. ബൈക്കിൽ പെട്രോളടിക്കാൻ പോലും പണമില്ലാത്ത അവസ്ഥയാണ്. ഗതികേടു കൊണ്ടാണ് പ്രതിഷേധിച്ചതെന്നും അവധി അപേക്ഷ തിരിച്ചു വാങ്ങിയെന്നും ഷിജു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ശമ്പളം ലഭിക്കാത്തതിനാൽ മിക്ക കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെയും സ്ഥിതി ഇതു തന്നെയാണ്. എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. ആ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്നു മാത്രം.
സർക്കാരിന്റെ സഹായധനം കൈമാറാത്തതാണ് KSRTC യിൽ ശമ്പളം വൈകാൻ കാരണം. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുന്ന KSRTC സർക്കാർ നൽകുന്ന സഹായം കൊണ്ടാണ് ശമ്പളം നൽകുന്നത്. മൂന്നു മാസം മുമ്പു വരെ 50 കോടി രൂപയാണ് നൽകിയിരുന്നത്. പിന്നീടത് 30 കോടിയായി ചുരുങ്ങി. ഈ മാസത്തേത് ഇതുവരെ നൽകിയിട്ടുമില്ല. രണ്ടു മാസത്തെ പെൻഷനും കൊടുത്തു തീർക്കാനുണ്ട്.