കോട്ടയത്ത് പാതിവഴിയില്‍ നില്‍ക്കുന്ന ആകാശപ്പാതയുടെ ഉറപ്പ് പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം
1 min readകൊച്ചി: പാതിവഴി നിര്‍മാണം നിലച്ച കോട്ടയത്തെ ആകാശപ്പാതയുടെ ഉറപ്പ് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാലക്കാട് ഐഐടിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ആകാശപ്പാത പൊളിച്ചു മാറ്റുകയോ പണി പൂര്‍ത്തീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് ഹെഡ് എ.കെ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
സംസ്ഥാന സര്‍ക്കാര്‍, കളക്ടര്‍, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണു ഹര്‍ജി. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ആവശ്യമില്ലെങ്കില്‍ പൊളിച്ച് കളഞ്ഞുകൂടേയെന്നു ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍, പണി പൂര്‍ത്തീകരിക്കാമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ഹര്‍ജിയില്‍ തിരുവഞ്ചൂര്‍ രാധാ കൃഷ്ണന്‍ എംഎല്‍എയും കക്ഷി ചേര്‍ന്നിട്ടുണ്ട്.