കൂടത്തായി കൊലപാതക പരമ്പര: നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവുമില്ലെന്ന്‌ ഫോറൻസിക് ഫലം

1 min read

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ നാല് മൃതദേഹങ്ങളിൽ സൈനഡിന്റെയോ മറ്റ് വിഷാംശങ്ങളുടെയോ സാന്നിദ്ധ്യമില്ലെന്ന്‌ ഫോറൻസിക് പരിശോധനാഫലം. ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിൽ നിന്നുള്ള റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവിന്റെ പിതാവ്‌ ടോം തോമസ്, ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു, ജോളിയുടെ രണ്ടാം ഭർത്താവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളിലാണ് വിഷാംശമില്ലെന്ന ഫോറൻസിക് റിപ്പോർട്ട്.
കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ്‌ റോയ്‌ തോമസ്, പിതാവ്‌ ടോംതോമസ്, ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു, ജോളിയുടെ രണ്ടാം ഭർത്താവിന്റെ ആദ്യ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് കൂടത്തായിയിൽ കൊല്ലപ്പെട്ടത്. 2002 മുതൽ 2016 വരെ കാലയളവിലായിരുന്നു ആറു മരണങ്ങൾ നടന്നത്. അന്നമ്മ തോമസിന്റെ മരണം 2002ലായിരുന്നു. ആട്ടിൻ സൂപ്പ് കഴിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. 2008ൽ ടോം തോമസും 2011ൽ റോയി തോമസും മരണത്തിനു കീഴടങ്ങി. 2014ൽ മാത്യുവും മരിക്കുന്നു. ഒരു മാസം കഴിഞ്ഞാണ് ഷാജുവിന്റെ മകൾ ആൽഫിന്റെ മരണം. 2016ലാണ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണം. ഇതിൽ അന്നമ്മ തോമസിനെ ഡോഗ്കിൽ എന്ന വിഷം നൽകിയും മറ്റ് അഞ്ച്‌ പേരെ സയനൈഡ് നൽകിയും ജോളി കൊലപ്പെടുത്തി എന്നാണ് കുറ്റപത്രം. റോയ്‌തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നുള്ളൂ. സയനൈഡാണ് മരണ കാരണമെന്നും വ്യക്തമായി. പക്ഷേ ആത്മഹത്യയാണെന്നായിരുന്നു നിഗമനം. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ജോളി മനഃപൂർവം ശ്രമിക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. മറ്റ് അഞ്ച്‌ പേരുടെ മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചെങ്കിലും സിലിയുടെ മൃതദേഹത്തിൽ മാത്രമാണ് സയനൈഡ് കണ്ടെത്തിയത്. തുടർന്ന് ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
സ്വത്ത് തട്ടിയെടുക്കാൻ തയ്യാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ട് മരിച്ച റോയ്‌ തോമസിന്റെ സഹോദരൻ റോജോ തോമസ് നൽകിയ പരാതിയുമാണ് ആറ് കൊലപാതകങ്ങളുടെ വിവരം പുറംലോകമറിയാൻ ഇടയാക്കിയത്. ഇല്ലെങ്കിൽ ഇവയെല്ലാം സ്വാഭാവിക മരണങ്ങളായി അവശേഷിക്കുമായിരുന്നു. അന്നത്തെ റൂറൽ എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ 2019ലാണ് കല്ലറകൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത്. തുടർന്ന്‌ ജോളി അറസ്റ്റിലായി. ജോളിക്കായി സയനൈഡ്‌ ശേഖരിച്ച സുഹൃത്ത് എം.എസ്.മാത്യു, ഇയാൾക്ക് സയനൈഡ് നൽകിയ സ്വർണപണിക്കാരൻ പ്രിജുകുമാർ എന്നിവരെയും അറസ്റ്റു ചെയ്തു.
ഒന്നും രണ്ടും പ്രതികളായ ജോളിയും എം.എസ്.മാത്യുവും ജയിലിലാണ്. ആറിൽ അഞ്ചു മരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നാണെന്നാണ് കുറ്റപത്രം. ഇതിൽ റോയ്‌ തോമസിന്റെയും സിലിയുടെയും മൃതദേഹങ്ങളിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ബാക്കി നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.