ഭാവിയില്ലാത്ത വൃദ്ധന്റെ വിഡ്ഢിത്തം, ജോ ബൈഡനെതിരെ കിമ്മിന്റെ സഹോദരി
1 min readകിമ്മിന് ശേഷം ഉത്തര കൊറിയയിലെ ഏറ്റവും ശക്തയായ നേതാവാണ് സഹോദരി യോ ജോംഗ്
ഉത്തര കൊറിയ : യു.എസ് പ്രസിഡണ്ട് ജോ ബൈഡനെതിരെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് രംഗത്ത്. യു.എസിനോ സഖ്യകക്ഷികൾക്കോ നേരെ ആണവാക്രമണത്തിന് മുതിർന്നാൽ കിം ജോംഗ് ഉന്നിന്റെ ഭരണം അവസാനിപ്പിക്കുമെന്ന് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് യോ ജോംഗ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞയഴ്ച യു.എസ് സന്ദർശനത്തിനെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക്‌യോളുമായി സുപ്രധാന കരാറിൽ ഏർപ്പെട്ടിരുന്നു ജോ ബൈഡൻ. ഉത്തര കൊറിയയുടെ ആണവ ഭീഷണിയെ ചെറുക്കാൻ ദക്ഷിണ കൊറിയയ്ക്ക് യു.എസിന്റെ സംരക്ഷണം നൽകുന്നതാണ് കരാർ. ഈ കരാർ ്രപകാരം ദക്ഷിണ കൊറിയൻ തീരത്ത് അമേരിക്കൻ ആണവ അന്തർവാഹിനി വിന്യസിക്കും. അവരുടെ സൈന്യത്തിന് അമേരിക്ക കൂടുതൽ പരിശീലനവും നൽകും. അമേരിക്കൻ ബോംബറുകളും യുദ്ധവിമാനങ്ങളും മേഖലയിൽ നിരീക്ഷണം നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ തന്ത്രപരമായ വിവരങ്ങൾ കൈമാറും. എന്നാൽ ദക്ഷിണ കൊറിയയിൽ അമേരിക്കൻ ആണവായുധങ്ങൾ ശേഖരിക്കില്ല. ദക്ഷിണ കൊറിയ തദ്ദേശീയമായി ആണവായുധങ്ങൾ നിർമ്മിക്കില്ല. ആണവ നിർവ്യാപന കരാർ നിലനിൽക്കുന്നതാണ് ഇതിനു കാരണം. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തിനും യു.എസ് സഹായത്തോടെ ഉടൻ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് യോ ജോംഗ് രംഗത്തു വന്നത്. കരാർ തങ്ങൾക്കെതിരെയുള്ള യു.എസിന്റെ നീക്കമായാണ് യോ ജോംഗ് കാണുന്നത്. വടക്ക് കിഴക്കൻ ഏഷ്യയുടെയും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളുടെയും സമാധാനവും സുരക്ഷിതത്വവും കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നതാണ് കരാർ, ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല -യോ ജോംഗ് പറഞ്ഞു. യു.എസും ദക്ഷിണ കൊറിയയും ചേർന്ന് മേഖലയിൽ എത്രത്തോളം ആണവ സാന്നിദ്ധ്യം സൃഷ്ടിക്കുന്നുവോ, അതിന്റെ ഇരട്ടിയായി ഉത്തര കൊറിയൻ ആയുധശേഖരം ഉയരും. ഭാവിയില്ലാത്ത വൃദ്ധന്റെ വിഡ്ഢിത്തം എന്ന് കരാറിനെ വിളിക്കാം-യോ ജോംഗ് കൂട്ടിച്ചേർത്തു.
കിമ്മിന് ശേഷം ഉത്തര കൊറിയയിലെ ഏറ്റവും ശക്തയായ നേതാവാണ് സഹോദരി യോ ജോംഗ്. കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിൽ ഉന്നത പദവികൾ വഹിക്കുന്നു. രാജ്യത്തെ സ്‌റ്റേറ്റ് അഫയേഴ്‌സ് കമ്മീഷൻ അംഗമാണ്.