മുഖ്യമന്ത്രിയാകാന്‍ ഖാര്‍ഗെയും
1 min readബംഗ്ലൂരു: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പടവെട്ടുമ്പോള്‍ മൂന്നാമനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും രംഗത്തെത്തിയതായി സൂചന. നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ ചുമതലപ്പെടുത്തിയ ശേഷമാണ് ഖാര്‍ഗെയും സ്വയം രംഗത്തുവന്നത്.
ബി.ജെ.പിയില്‍ നിന്ന് ഒരു സംസ്ഥാനം തിരിച്ചുപിടിച്ച സന്തോഷം കൂട്ടത്തല്ലിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടി അദ്ധ്യക്ഷന്‍ ഖാര്‍ഗെയാണെങ്കിലും സോണിയയും രാഹുലും പ്രിയങ്കയും അറിഞ്ഞേ കോണ്‍ഗ്രസിലെ കരാര്യങ്ങള്‍ നടക്കൂ. അതേ സമയം ഭിന്നത ഒഴിവാക്കാനുള്ള തന്ത്രങ്ങളും സമവാക്യങ്ങളൊന്നും കോണ്‍ഗ്രസില്‍ ഇതുവരെ ഉരുത്തിരുഞ്ഞു വന്നിട്ടുമില്ല.
ഇപ്പോഴും ഡി.കെ.ശിവകുമാര്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി മുന്നില്‍ നില്‍ക്കുന്നത്. പണം കൊണ്ടും പാര്‍്ട്ടിയിലുള്ള സ്വാധീനവും മൂലം ശക്തനായ ശിവകുമാറിനെ വെല്ലാന്‍ സിദ്ധരാമയ്യക്കാകുമോ എന്നതാണ് പ്രധാന പ്രശ്‌നം. പ്രായം കൊണ്ടു മുതിര്‍ന്നയാളായ സിദ്ധരാമയ്യ ജനകീയ മുഖമുള്ള നേതാവാണ്. കോണ്‍ഗ്രസുകാരേക്കാള്‍ പൊതുജനങ്ങളുടെ പിന്തുണ കുറേയൊക്കെ സിദ്ധരാമയ്യയ്ക്കുണ്ട്. അതേ സമയം പാര്‍ട്ടി അദ്ധ്യക്ഷനായ ഖാര്‍ഗെ ഇതുവരെ ശിവകുമാറിനെ പിന്തുണയ്ക്കുകയായിരുന്നു.
ഒന്നോ രണ്ടോ വര്‍ഷം സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പദം നല്‍കിയ ശേഷം പിന്നെ ശിവകുമാറിനെയാക്കാമെന്ന ഫോര്‍മുലയൊന്നും ശിവകുമാര്‍ അംഗീകരിക്കില്ല. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ വൊക്കലിഗ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരും. വൊക്കലിഗ മുഖ്യമന്ത്രി എന്ന ധാരണ സൃഷ്ടിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ വൊക്കലിഗരുടെ വോട്ട് നേടിയത്. വൊക്കലിഗ സമൂദായത്തില്‍ എറ്റവും അധികം സ്വാധീനമുണ്ടായിരുന്ന ജെ.ഡി.എസ് തകര്‍ന്നതും ഇതേ കാരണം കൊണ്ടുതന്നെ. വന്‍തോതില്‍ വൊക്കലിഗ വോട്ട് സമാഹരിക്കാന്‍ ശിവകുമാര്‍ മുഖ്യമന്ത്രിയാകും എന്ന ധാരണ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്.
ഇനി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാല്‍ സിദ്ധരാമയ്യ പിണങ്ങുമെന്നുറപ്പാണ്. വെട്ടൊന്ന് തുണ്ടം രണ്ട് എന്ന മട്ടിലുള്ള പ്രകൃതക്കാരനാണ് സിദ്ധരാമയ്യ. നേരത്തെ ജെ.ഡി.എസ്സിലായിരുന്ന സിദ്ധരാമയ്യ മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടതോടെയാണ് കോണ്‍ഗ്രസിലെത്തിയത്. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ സിദ്ധരാമയ്യ വെറുതെയിരിക്കില്ല എന്നതു വ്യക്തം.
ഇനി ഒരു തര്‍ക്ക പരിഹാരം എന്ന നിലയില്‍ രണ്ടുപേരും വേണ്ട മൂന്നാമതൊരാള്‍ എന്ന നിലയിലാണ് ഖാര്‍ഗെയെ കൊണ്ടുവരുന്നത്. 2013 ല്‍ മുഖ്യമന്ത്രിയാകാന്‍ കൊതിച്ചയാളാണ് ഖാര്‍ഗെ. അന്ന് വിട്ടുകൊടുക്കാതിരുന്നത് സിദ്ധരാമയ്യയാണ്. ഖാര്‍ഗെ മുഖ്യമന്ത്രിയായാല്‍ തന്നെ തോല്പിക്കാന്‍ ശിവകുമാര്‍ നടത്തിയ കളിയായിട്ടേ അതിനെ സിദ്ധരാമയ്യ കണക്കാക്കൂ. അതുകൊണ്ട് തന്നെ അവിടെയും സിദ്ധരാമയ്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ല. വൊക്കലിഗക്കാരനായ ശിവകുമാറിന് പകരം ദളിതനായ ഖാര്‌ഗെയെ മുഖ്യമന്ത്രിയാക്കിയാല്‍ വൊക്കലിഗരും പിണക്കത്തിലാവും. ആകെ ആശ്വാസം ബി.ജെ.പി ദളിത് വനിതയെ രാഷ്ട്രപതിയാക്കി എന്നത് നേട്ടമാക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ തങ്ങള്‍ ദളിതനെ മുഖ്യമന്ത്രിയാക്കി എന്ന് പ്രചരിപ്പിക്കാന്‍ കഴിയുമെന്ന് മാത്രം.
അധികാരത്തില്‍ നിന്ന ്പുറത്തായ ബി.ജെ.പി അതിനെ കാരണങ്ങള്‍ കണ്ടുപിടിച്ച് വിശകലനം ചെയ്യുകയും ലോകസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ആലോചനകള്‍ നടത്തുകയും ചെയ്യുമ്പോള്‍ ജയിച്ച സംസ്ഥാനത്തെ തമ്മില്‍ തല്ല് എങ്ങനെ മാനേജ് ചെയ്യുമെന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്.