അരിക്കൊമ്പനില്‍ ഉടക്കുമോ കേരളവും തമിഴ്നാടും
1 min readഅരിക്കൊമ്പന് തമിഴ്നാട്ടിലെ ജനവാസമേഖലയില്‍, കൃഷി നശിപ്പിച്ചു, ജീപ്പ് ആക്രമിച്ചു
തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പന് അവിടെയും ഭീതി വിതയ്ക്കുകയാണ്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ ആക്രമണത്തില്‍ നിന്നും വനംവകുപ്പിന്റെ ഒരു ജീപ്പ്് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വണ്ണാത്തിപ്പാറയില്‍ നിന്നും മേഘമലയിലെത്തിയ അരിക്കൊമ്പന് തമിഴ്നാടിന്റെ ജനവാസ മേഖലയില്‍ എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലായി. വിനോദസഞ്ചാരികള്‍ ധാരാളമായെത്തുന്ന പ്രദേശമാണ് മേഘമല. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിന്നക്കനാലിനോട് വളരെയേറെ സാമ്യമുള്ള പ്രദേശമാണ് മേഘമല. തേയിലത്തോട്ടങ്ങളും ചോലവനങ്ങളും ധാരാളമുള്ള പ്രദേശം. ഒരിവരിയായി കിടക്കുന്ന ലയങ്ങള്‍. ഈ സവിശേഷത കൊണ്ടായിരിക്കാം അരിക്കൊമ്പന് പെരിയാറില്‍ നിന്നും മേഘമലയിലെത്തിയത്. ധാരാളം ആനകളുള്ള പ്രദേശമാണത്. പക്ഷേ, മറ്റ് ആനകളുമായി ചേരാതെ ഒറ്റയ്ക്കാണ് അരിക്കൊമ്പന്റെ സഞ്ചാരം.
രണ്ടു ദിവസമായി അരിക്കൊമ്പന് മേഘമലയില്‍ തമ്പടിക്കുന്നു. വനത്തില്‍ നിന്നും പതുക്കെ ജനവാസ മേഖലയിലേക്കിറങ്ങിയ അരിക്കൊമ്പന് കൃഷി നശിപ്പിച്ചു. ശബ്ദം കേട്ടെത്തിയ തൊഴിലാളികള്‍ക്കു നേരെയും അവന് തിരിഞ്ഞു. തൊഴിലാളികളും വനപാലകരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും മറ്റും അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിച്ചുവിടുകയയിരുന്നു. മംഗളാദേവി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് മേഘമലയില്‍ ഒരുക്കിയിരുന്നത്. വനം വകുപ്പിന്റെ നിരീക്ഷണം ഈ പ്രദേശങ്ങളില്‍ ശക്തമാക്കിയിരിക്കുകയാണ്. അരിക്കൊമ്പനെ തിരിച്ച് പെരിയാറില്‍ തന്നെ എത്തിക്കാനാണ് തമിഴ്നാട് വനംവകുപ്പ് ശ്രമിക്കുന്നത്.
ഇതിനിടയില്‍ അരിക്കൊമ്പന് ഒരു വീടിന്റെ വാതില്‍ തകര്‍ത്ത് അരിച്ചാക്ക് വലിച്ചുകീറിയതായി തമിഴ്നാട്ടിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വളരെ പ്രാധാന്യത്തോടെയാണ് തമിഴ്നാട്ടിലെ പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് അരിക്കൊമ്പന് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ചെറുപ്പം മുതല്‍ അരി തിന്നു വളര്‍ന്നവനാണ് അരിക്കൊമ്പന് എന്നും അടുപ്പ് പുകയുന്ന മണം കിട്ടിയാല്‍ രാത്രി അവന് എത്തുമെന്നും ചിന്നക്കനാലുകാര്‍ പറയുന്നു. മറ്റ് ആനകളെപ്പോലെ മരങ്ങളുടെ ശിഖരങ്ങളും മറ്റും തിന്നുന്നവനല്ല അരിക്കൊമ്പന്. അരിയും ശര്ക്കരയുമണ് പ്രധാനം. അതു കഴിഞ്ഞാല്‍ പുല്ലും.
കേരളത്തില്‍ വീട് തകര്‍ത്ത് അരി തിന്നു എന്ന കുറ്റം ചുമത്തിയാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും കുടിയിറക്കി പെരിയാറിലെത്തിച്ചത്. കേരളതമിഴ്നാട് അതിര്‍ത്തിയിലാണ് അരിക്കൊമ്പനെ ഇറക്കി വിട്ടത്. ഇതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ തന്നെ മറ്റ് വനങ്ങളിലേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ പ്രദേശവാസികളുടെ എതിര്‍പ്പുമൂലം മാറ്റിവെയ്ക്കുകയായിരുന്നു. ഒടുവിലാണ് കേരള വനം വകുപ്പ് പെരിയാര്‍ കടുവാ സങ്കേതം തെരഞ്ഞെടുത്തത്. പെരിയാറില്‍ നിന്ന് അരിക്കൊമ്പന് ചിന്നക്കനാലില്‍ തന്നെ തിരിച്ചെത്തുമോ എന്ന ആശങ്കയാണ് വനംവകുപ്പിന് ഉണ്ടായിരുന്നത്. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അരിക്കൊമ്പന് തമിഴ്നാട്ടിലെത്തി ജനങ്ങളില്‍ ഭീതി വിതച്ച് സ്വെരവിഹാരം നടത്തുന്നു. പെരിയാറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് അധികദൂരമില്ലെന്നും അരിക്കൊമ്പന്റെ സ്വഭാവം വെച്ച് അവന് ജനവാസമേഖലയില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. കേരളത്തിലെ പ്രശ്നക്കാരനെ തമിഴ്നാട്ടിലേക്ക് പറഞ്ഞുവിട്ടു എന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. തങ്ങളുടെ ജീവന് വിലയില്ലേ എന്ന ചോദ്യമാണ് മേഘമലയിലുള്ളവര് ഇപ്പോള്‍ ഉയര്‍ത്തുന്നത്.
റേഡിയോ കോളറില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലേ എന്ന സംശയവും ഉയരുന്നുണ്ട്. അരിക്കൊമ്പന് മേഘമലയിലെ ജനവാസകേന്ദ്രത്തില്‍ എത്തിയിട്ടും കേരള വനംവകുപ്പ് അറിഞ്ഞില്ല. അറിഞ്ഞെങ്കില്‍ തന്നെ കൃത്യമായ വിവരം തമിഴ്നാടിന് നല്കാന് കഴിഞ്ഞില്ല. ഇത് വളരെ ഗൗരവമായിത്തന്നെയാണ് തമിഴ്നാട് ഭരണകൂടവും കാണുന്നത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നിരോധനാജ്ഞ പുറപ്പെടുവിച്ചു. അരിക്കൊമ്പനെ ഏതു വിധേനയും പെരിയാറിലേക്കു തന്നെ ഓടിച്ചുവിടാനാണ് അവര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനു സാധിക്കുന്നില്ലെങ്കില്‍ എന്തു വില കൊടുത്തും സര്‍ക്കാര്‍ അവനെ പിടികൂടുക തന്നെ ചെയ്യും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വനപാലകര്‍ മേഘമലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.
അരിക്കൊമ്പനെ മാത്രമല്ല, തങ്ങളെയും കേരളം ചതിക്കുകയായിരുന്നു എന്ന ചിന്തയിലാണിപ്പോള്‍ തമിഴ്നാട്. കേരളത്തിന് ശല്യമായ ആനയെ തമിഴ്നാട്ടിലേക്ക് തളളിവിട്ടു. ഒരു കോടി 40 ലക്ഷം രൂപയാണ് കേരളം ഇതിനായി ചെലവഴിച്ചത്. ആനയെ പുനധിവസിപ്പിക്കാന്‍ മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ കേരളത്തിന് തേടാമായിരുന്നില്ലെ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു. ആനയിപ്പോള്‍ തമിഴ് ജനതയ്ക്ക് ഭീഷണിയായിരിക്കുകയാണ് കേരളം തങ്ങളോട് ചെയ്തത് കൊലച്ചതിയാണെന്ന് മേഘമലയിലുള്ളവര് കരുതുന്നു. അതിലവര്‍ക്ക് പ്രതിഷേധവുമുണ്ട്. ഈ പ്രതിഷേധം കാണാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് സാധ്യമല്ല. അതിരൂക്ഷമായ പ്രതികരണവും നടപടികളും തമിഴ്നാടിന്റെ ഭാഗത്തു നിന്നുണ്ടാകും. ഏതു വിഷയത്തിലും വൈകാരികമായി പ്രതികരിക്കുന്നവരാണ് തമിഴ് ജനത. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ നാമത് കണ്ടതാണ്. രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാവാനും ഇത് കാരണമായേക്കാം. പരസ്പരം കെട്ടിപ്പിടിക്കുന്ന സ്റ്റാലിനും പിണറായിയും അരിക്കൊമ്പനില്‍ പൊട്ടിത്തെറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.