കായ്‌പോള വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയ ചിത്രം

1 min read

ഇന്ദ്രന്‍സിന്റെ അഭിനയമികവും ബന്ധങ്ങളുടെ കെട്ടുറപ്പും ചിത്രത്തെ മനോഹരമാക്കുന്നു

കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും പ്രണയത്തിന്റെ നൈര്‍മ്മല്യവും സൗഹൃദത്തിന്റെ ഊഷ്മളതയും രുചിയും ക്രിക്കറ്റും എല്ലാം നിറഞ്ഞ തികച്ചും വ്യത്യസ്തമായൊരു സിനിമ നവാഗത സംവിധായകനായ കെ.ജി.ഷൈജുവിന്റെ കായ്‌പോള എന്ന സിനിമയെ ഇങ്ങനെ വിലയിരുത്താം. മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാനുള്ള കുറേ കുടുംബ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി അതാണ് കായ്‌പോള.

അതിജീവനത്തിന്റെ കഥ കൂടിയാണ് കായ്‌പോള എന്ന സിനിമ. ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും വീല്‍ചെയര്‍ ക്രിക്കറ്റിനെപ്പറ്റിയുള്ള ഒരു സിനിമ വരുന്നത്. വീല്‍ചെയറില്‍ ജീവിതം ഹോമിക്കേണ്ടി വന്ന ഒരു പാട് വ്യക്തികള്‍ അഭിനേതാക്കളായി എത്തുന്നു എന്നതും കായ്‌പോളയുടെ പ്രത്യേകതയാണ്. തമിഴ്‌നാടിന്റെ ഒറിജിനല്‍ വീല്‍ ചെയര്‍ ക്രിക്കറ്റ് ടീം തന്നെയാണ് കായ്‌പോളയിലും അഭിനയിച്ചിരിക്കുന്നത്.

സിനിമയുടെ പോസ്റ്റര്‍ ആദ്യമേ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൊച്ചുമകന്റെ സൈക്കിളിനു പുറകില്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും പിടിച്ചിരിക്കുന്ന ഇന്ദ്രന്‍സിന്റെ ചിത്രം കൗതുകമുണര്‍ത്തുന്നതായിരുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടനും കൊച്ചുമകന്‍ എബി കുരുവിളയും. ഇവര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥ കൂടിയാണ് കായ്‌പ്പോള. പാചകവിദഗ്ധനാണ് ഉതുപ്പേട്ടന്‍. കൊച്ചു മകന്‍ എബിയാകട്ടെ യുട്യൂബ് ഫുഡ് വ്‌ളോഗറും. ഒരു ക്ടാവിനെ വളയ്ക്കാന്‍ കഴിയാത്ത നിന്നെയൊക്കെ എന്തിനു കൊള്ളാം എന്നു കൊച്ചുമകനോട് ചോദിക്കുന്ന ഉതുപ്പേട്ടന്‍. കൊച്ചുമകന്റെ കാമുകിയെ കാണാന്‍ അവന്റെ സൈക്കിളിനു പുറകിലിരുന്ന് കറങ്ങുന്ന ഉതുപ്പേട്ടന്‍. ഇന്ദ്രന്‍സിന്റെ കയ്യില്‍ ഭദ്രമാണ് ഈ കഥാപാത്രം. പുതുമുഖമായ സജല്‍ സുദര്‍ശനാണ് എബിയായി എത്തുന്നത്.

എബിയും സഹപാഠിയായ ജെനിയും തമ്മിലുള്ള പ്രണയത്തോടെയാണ് കഥ തുടങ്ങുന്നത്. കേരള ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിച്ച എബി ഒരു അപകടത്തില്‍പ്പെടുന്നതോടെ കായ്‌പോളയുടെ ക്ലൈമാക്‌സ് മാറുകയാണ്. നവാഗത സംവിധായകന്റെ പതര്‍ച്ചയില്ലാതെ ചിത്രം ഒരുക്കാന്‍ ഷൈജുവിനു കഴിഞ്ഞിട്ടുണ്ട്. താരങ്ങളെല്ലാം കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയെന്നു പറയാം. ഹൃദ്യമായ സംഗീതം ഒരുക്കാന്‍ മെജോജോസഫിനു കഴിഞ്ഞിട്ടുണ്ട്.
സ്വന്തം നേട്ടത്തിനുവേണ്ടി മാത്രം പ്രണയവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന ഒരു തലമുറയ്ക്കുള്ള മറുപടി കൂടിയായി ഈ സിനിമയെ കാണാം.

കിടക്കയില്‍ നിന്നും എഴുക്കേല്‍ക്കാനാവാതെ തളര്‍ന്നുപോയ എബിയെ പുറംലോകത്തെത്തിക്കാനും അവന്റെ കഴിവുകള്‍ മുരടിച്ചുപോയിട്ടില്ല എന്ന് തെളിയിക്കാനും സുഹൃത്തുകള്‍ നടത്തുന്ന പരിശ്രമം സിനിമയെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു. തളര്‍ന്നുപോയവര്‍ക്കാവശ്യം നമ്മുടെ സഹതാപമല്ല. ഒരു കൈത്താങ്ങാണ്. നാമൊന്ന് കൈ നീട്ടിയാല്‍ മാത്രം മതി. ആ കയ്യില്‍ പിടിച്ച് അവര്‍ കര കയറും ജീവിതത്തിന്റെ രുചി നിറയ്ക്കും കായ്‌പോളപോലെ..

വിഎംആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിലെ നായിക അഞ്ജു കൃഷ്ണയാണ്. കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി,കോഴിക്കോട് ജയരാജ്, വിനുകുമുര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഓഡിഷനിലൂടെ കണ്ടെത്തിയ നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഷിജു.എം.ഭാസ്‌കര്‍ ആണ് ഛായാഗ്രാഹകന്‍.

Related posts:

Leave a Reply

Your email address will not be published.