കര്‍ണാടക തെരഞെടുപ്പ് ഒറ്റഘട്ടമായി; വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്
1 min readഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മെയ് 10നാണ് വോട്ടെടുപ്പ്. മെയ് 13ന് വോട്ടെണ്ണ നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷികാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പുതിയ വോട്ടര്‍മാരെയും മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കാന്‍ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കര്‍ണാടകയില്‍ ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തമ്മിലുളള ത്രികോണ മത്സരമാണ് നടക്കുക. അഴിമതിയും ജാതി സംവരണവുമാണ് സംസ്ഥാനത്തെ പ്രധാന പ്രചാരണ വിഷയങ്ങള്‍.
കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഉള്‍പ്പടെയുള്ള 124 സ്ഥാനാര്‍ഥികളുടെ ആദ്യ ഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ജെഡിഎസിന്റെ ആദ്യ ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
9,17,241 പുതിയ വോട്ടര്‍മാരാണ് ഇത്തവണ വോട്ട് ചെയ്യുന്നത്. 41,312 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 29,141 ബൂത്തികളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നു. നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിയുടെ സത്യവാങ്മൂലം ഓണ്‍ലൈനായി വോട്ടര്‍മാര്‍ക്ക് കാണാനാകും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് സിവിജില്‍ ആപ്പ് തയ്യാറാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.