മമ്മൂക്ക ഞങ്ങളെ കംഫർട്ടാക്കി
1 min readമമ്മൂട്ടിയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് കണ്ണൂർ സ്‌ക്വാഡ്
കണ്ണൂർ സ്‌ക്വാഡിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സഹപ്രവർത്തകർ. മഹാനടനാണെങ്കിൽ പോലും മമ്മൂട്ടിയോടൊപ്പമുള്ള ജോലി ടെൻഷനില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു അഭിനേതാക്കളും അണിയറ പ്രവർത്തകരും.
സിനിമയ്ക്കു വേണ്ടി എത്ര ഹാർഡ് വർക്ക് ചെയ്യാനും തയ്യാറാണ് അദ്ദേഹം എന്ന് പറയുന്നു സംവിധായകൻ റോബി വർഗീസ് രാജ്. ”വൈകിട്ട് 6 മുതൽ രാവിലെ 6 വരെയായിരുന്നു പല ദിവസങ്ങളിലും ഷൂട്ട്. മമ്മൂക്കയ്ക്ക് വേണമെങ്കിൽ നോ പറയാമായിരുന്നു. പക്ഷേ അദ്ദേഹം ഞങ്ങൾക്കൊപ്പം നിന്നു. പൊടിയും തണുപ്പും വകവെയ്ക്കാതെയാണ് ഷൂട്ട് പുരോഗമിച്ചത്. ഇടയ്ക്ക് മമ്മൂക്കയ്ക്ക് ചെറിയ പനിയും ചുമയും വന്നു. എങ്കിലും അദ്ദേഹം ഷൂട്ട് നിർത്തിയില്ല. നാലുപേർ അടങ്ങിയ സ്‌ക്വാഡിനെ ഒരു ടീം ആക്കിയത് മമ്മൂക്കയാണ്. രാവിലെ അവരെ വിളിച്ചെണീപ്പിക്കുന്നത് വരെ അദ്ദേഹമാണ്. റോബി പറയുന്നു.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോൾ ബഹുമാനം അഭിനയിക്കേണ്ടി വന്നില്ലെന്ന് അസീസ് നെടുമങ്ങാട്. ”മമ്മൂക്കയുടെ സ്ഥാനത്ത് വേറെ ഒരു ആക്ടറാണെങ്കിൽ, ലാലേട്ടൻ ഒഴികെ റെസ്‌പെക്ട് കൊടുക്കാൻ വേണ്ടി അഭിനയിക്കണം. പക്ഷേ ഇവിടെ അഭിനയിക്കേണ്ട കാര്യമില്ല. കാരണം മമ്മൂക്ക എന്ന് പറയുന്ന നമ്മുടെ ഒരു ജ്യേഷ്ഠൻ അല്ലെങ്കിൽ ഒരു ഗോഡ്ഫാദർ എന്നൊരു സാധനം മനസ്സിൽ കിടക്കുന്നതുകൊണ്ട് അങ്ങനെ അങ്ങ് നിന്നാൽ മതി”. അസീസ് പറഞ്ഞു.
സ്‌ക്വാഡിനിടയിൽ കെമിസ്ട്രി കൊണ്ടുവരുന്നതിൽ മമ്മൂട്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശബരീഷ്. ”ഭയങ്കരമായി ഞെട്ടിക്കുന്ന രീതിയിൽ നമ്മളെ കംഫർട്ട് സോണിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നടനെന്ന നിലയിൽ അതൊരു സ്‌ക്വാഡാക്കി മാറ്റുന്നതിൽ മമ്മൂക്കയുടെ പങ്കും ഞങ്ങളോട് പെരുമാറിയ രീതിയും വലിയ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. പടം കാണുമ്പോൾ ആ കെമിസ്ട്രി വർക്കായത് പടത്തിൽ ശരിക്ക് കാണാൻ പറ്റും. ശബരീഷ് പറയുന്നു.