മുരളി അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല: കമല്‍

1 min read

മുരളിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് കമല്‍

നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന് ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് മുരളി. പഞ്ചാഗ്‌നിയാണ് മുരളിയുടേതായി ആദ്യമായി തിയറ്ററിലെത്തിയ സിനിമ. ഇന്നും സിനിമാ ലോകത്ത് ഓര്‍മ്മിക്കപ്പെടുന്ന നടന്മാരി ഒരാള്‍. ഇപ്പോഴിതാ മുരളിയെക്കുറിച്ചുള്ള ഒരു ഓര്‍മ്മ പങ്കുവെക്കുകയാണ് സംവിധായകന്‍ കമല്‍.

1992ല്‍ പുറത്തിറങ്ങിയ ചമ്പക്കുളം തച്ചന്‍ എന്ന സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കെയാണ് കമല്‍ മുരളിയെ പരാമര്‍ശിച്ചത്. നെടുമുടി വേണുവും മുരളിയും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ എടുത്തു. ചെളിയില്‍ കിടന്ന് രണ്ട് പേരും കൂടി അടിക്കുന്നതാണ് സീന്‍!. ഉച്ച വരെ ഷൂട്ട് ചെയ്തു. ബ്രേക്ക് പറഞ്ഞപ്പോള്‍ കുളിച്ചിട്ട് വരാം, ചെളിയായതിനാല്‍ ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന് മുരളി പറഞ്ഞു.

ഞാനും കൂടെ വരാമെന്ന് പറഞ്ഞ് വേണു ചേട്ടനും പോയി. ഹോട്ടലില്‍ എത്തിക്കഴിഞ്ഞ് വേണു ചേട്ടന്‍ ഒരു കുറിപ്പ് തന്നയച്ചു. മുരളി ഉച്ചയ്ക്ക് ശേഷം ഷൂട്ടിംഗിന് വരില്ല, നേരെ എറണാകുളത്തേക്ക് പോയി, അവിടെ നിന്ന് ചെന്നൈയിലേക്ക് പോകുകയാണ്, അത്യാവശ്യമായി ഏതോ ഒരു സിനിമയുടെ ഡബ്ബിംഗുണ്ട്. നാളെ ഡബ് ചെയ്ത് മറ്റന്നാളേ വരൂ എന്ന് പറഞ്ഞു.

ഡബ്ബിംഗിന് പോകണം, പക്ഷെ കമലിനോട് ചോദിക്കാന്‍ പറ്റുന്നില്ല, കമല്‍ ഭയങ്കര ടെന്‍ഷനിലാണെന്ന് ശ്രീനിയോട് മുരളി തലേ ദിവസം പറഞ്ഞിരുന്നു. ഞാന്‍ തകര്‍ന്ന് പോയി. എന്നോട് ഒരു വാക്ക് പറയാതെ… മുരളിയെ പോലെ അത്രയും ക്ലോസ് ആയ ആക്ടര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഞാന്‍ പ്രൊഡ്യൂസറെ വിളിച്ചു. ഇനിയൊരു ഷോട്ട് എടുക്കണമെങ്കില്‍ മുരളി വേണം, മധു സാറും കെആര്‍ വിജയയുമൊക്കെ കാത്തിരിക്കുകയാണ്, ഒരു സീന്‍ പോലും എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ദേഷ്യത്തില്‍ ഷെഡ്യൂള്‍ പാക്കപ്പ് എന്ന് പറഞ്ഞു.

മധുവുള്‍പ്പെടെയുള്ള നടന്‍മാര്‍ തന്നെ സമാധാനിപ്പിച്ചെന്നും പിറ്റേ ദിവസം നടി മോനിഷ വന്നതോടെ താരത്തിന്റെ സീനുകള്‍ എടുത്തെന്നും കമല്‍ വ്യക്തമാക്കി. അതിന്റെയടുത്ത ദിവസം മുരളി എത്തി.

തന്നെ അഭിമുഖീകരിക്കാന്‍ അയാള്‍ക്ക് മടി തോന്നി. താന്‍ മുരളിയുടെ മുഖത്ത് നോക്കിയില്ല. അസോസിയേറ്റ് ഡയറക്ടര്‍ മുഖേന മുരളിക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. രണ്ടാമത്തെ ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ മുരളി പിന്നിലൂടെ വന്ന് എന്നെ കെട്ടിപ്പിടിച്ച് പിറകിലേക്ക് കൊണ്ടുപോയി. എന്നെ രണ്ട് തല്ല് തല്ലിക്കോ, എനിക്ക് പറ്റിപ്പോയി, എന്റെ ചില പ്രശ്‌നങ്ങള്‍ അതാണ്.

അതെനിക്ക് കമലിനോട് പറഞ്ഞാല്‍ മതിയായിരുന്നു, പറയാന്‍ നോക്കിയപ്പോഴെല്ലാം കമല്‍ ഓരോ ഷോട്ടിന്റെ തിരക്കിലായിരുന്നെന്ന് മുരളി പറഞ്ഞു. ഇതൊരുമാതിരി മറ്റേ പണിയായിപ്പോയെന്ന് ഞാന്‍ പറഞ്ഞു. ദേഷ്യം തണുത്തപ്പോള്‍ രണ്ട് പേരും തോളത്ത് കൈയിട്ടെന്നും കമല്‍ ഓര്‍ത്തു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തമാശയായാണ് തനിക്ക് തോന്നുന്നതെന്നും കമല്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.