മതം സിനിമയില്‍ ഇടപെടുന്നുവെന്ന് കമല്‍

1 min read

മതം ഇടപ്പെട്ടാല്‍ സ്വതന്ത്രമായി ഒരു കലാരൂപവും ഉണ്ടാകില്ല

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതായ ഏതാനും ചിത്രങ്ങളുടെ സംവിധായകനാണ് കമല്‍. 40ലധികം സിനിമകളിലൂടെ 36 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. മിഴിനീര്‍പ്പൂക്കള്‍ എന്ന സിനിമയിലൂടെ 1986ല്‍ സംവിധാനരംഗത്തേക്ക് കടന്നു വരുന്നു. വ്യത്യസ്തമായ പ്രമേയങ്ങള്‍കൊണ്ട് സിനിമ എന്ന കലയെ പ്രേകഷകരിലേക്ക് പകര്‍ന്ന് കൊടുത്തു. കലയിലേക്കുള്ള മതത്തിന്റെ ഇടപെടലിനെ കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഇപ്പോള്‍.

മതം സിനിമയില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം. ‘കാതല്‍ എന്ന ചിത്രത്തിന് എതിര്‍പ്പ് വന്നത് മതങ്ങളില്‍ നിന്നാണ്. മുസ്ലിം- ക്രിസ്ത്യന്‍ മതങ്ങളാണ് കാതലിനെതിരെ സംസാരിച്ചത്. മത പുരോഹിതന്മാരും, മതം തലയ്ക്കു പിടിച്ച സമൂഹവും കലയിലേയ്ക്ക് കടന്ന് വരാന്‍ തുടങ്ങിയാല്‍ വലിയ കുഴപ്പമാണ്. ദയവ് ചെയ്തു കലയിലെങ്കിലും ഇടപെടാതെ ഇരിക്കുക. കലാകാരന്മാരെ വെറുതെ വിടുക. മതം ഇടപ്പെട്ടാല്‍ സ്വതന്ത്രമായി ഒരു കലാരൂപവും ആവിഷ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. പക്ഷേ അവര്‍ ഇടപെട്ടാലും സിനിമയെ, കലയെ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ എന്നും തയ്യാറാണ്,” കമല്‍ വ്യക്തമാക്കി.

”1970 കളില്‍ രണ്ട് പെണ്‍കുട്ടികളെന്ന സിനിമ മോഹന്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയമായിരുന്നു വിഷയം. ലെസ്ബിയന്‍ വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്തു തുടങ്ങുന്നതിനും മുമ്പാണ് അത്. അന്ന് ആ സിനിമ ഇവിടെ വലിയ പ്രശ്‌നം ഒന്നും ഉണ്ടാക്കിയില്ല. കുറച്ചു പേര്‍ കണ്ടു. പിന്നീട് പത്മരാജന്റെ സംവിധാനത്തില്‍ ദേശാടന കിളികള്‍ കരയാറില്ല എന്ന സിനിമയും വന്നു. തുടര്‍ന്ന് ന്യൂക്ലീയര്‍ ഫാമിലി വന്നതിനു ശേഷം നമ്മുടെ സമൂഹം വേറെ ഒരു രീതിയിലേയ്ക്ക് മാറി. സിനിമകളില്‍ പ്രത്യേകിച്ച് ഇല്ലാത്ത ഒരു മോറാലിറ്റി ഉണ്ടായിവരുന്ന കാഴ്ച നമ്മള്‍ കണ്ടു,” കമല്‍ കൂട്ടിച്ചേര്‍ത്തു.

‘1980 കളിലും 1990 കളിലും അത്തരം ഒരുപാട് സിനിമകള്‍ പിറന്നു. അതിന്റെ ഭാഗമായി എനിക്കും സിനിമകളില്‍ കോംപ്രമൈസ് ചെയ്യേണ്ടി വന്നന്നിട്ടുണ്ട്. അത് എന്നെപോലെയുള്ളവരുടെ കുഴപ്പമാണ്. അന്നത്തെ കാലമാണ്. നമുക്ക് ഒരു വഴി ഉണ്ടാകണമല്ലോ. ആ വഴി ഉണ്ടായ കാലമാണ് ഇപ്പോള്‍. ന്യൂ ജനറേഷന്‍ സിനിമയില്‍ മാത്രമല്ല ഈ മാറ്റം സംഭവിച്ചത്. നമ്മുടെ മൊത്തം സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വല്ലാത്ത മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടാണ് ‘കാതലിനെ’ ആ രീതിയില്‍ സ്വീകരിക്കാന്‍ കഴിയുന്നത്,” കമല്‍ പറഞ്ഞു.

വിവേകാനന്ദന്‍ വൈറലാണ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു അഭിമുഖത്തിലൂടെ പങ്കുവെക്കവെയാണ് കമലിന്റെ വാക്കുകള്‍.

Related posts:

Leave a Reply

Your email address will not be published.