കൈലാസ് ഗെലോട്ട് ഡൽഹിയുടെ പുതിയ ധനമന്ത്രിയാകും; വിദ്യാഭ്യാസം രാജ്കുമാറിന്
1 min read
ന്യൂഡൽഹി : ഡൽഹി മന്ത്രിസഭയിലേക്ക് രണ്ട് പുതിയ മന്ത്രിമാർ. കൈലാസ് ഗെലോട്ടും രാജ്കുമാർ ആനന്ദുമാണ് മന്ത്രിസഭയിലെത്തുന്ന പുതുമുഖങ്ങൾ. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് പുതിയ നിയമനം എന്ന് എഎപി വക്താവ് സൗരഭ് ഭരദ്വാജ് വ്യക്തമാക്കിയത്.
കൈലാസ് ഗെലോട്ടിന് ധനകാര്യ വകുപ്പിന്റെ ചുമതലയും ആസൂത്രണവകുപ്പ്, നഗരവികസനം, ജലസേചനം, പൊതുമരാമത്ത് വകുപ്പ് വൈദ്യുതി, ഭവനം, ജലം തുടങ്ങിയ വകുപ്പുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ടെന്നാണ് വിവരം. രാജ്കുമാർ ആനന്ദിന് വിദ്യാഭ്യാസ വകുപ്പിനു പുറമേ ലാൻഡ് & ബിൽഡിംഗ്, ഭാഷ, തൊഴിൽ, വിജിലൻസ്, ടൂറിസം, കലാസാംസ്‌കാരികം, ആരോഗ്യം, വ്യവസായം എന്നീ വകുപ്പുകളും നൽകും.
അഴിമതിക്കേസുകളിൽ അറസ്റ്റിലായതിനെ തുടർന്നാണ് ഡൽഹി മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും രാജിവെച്ചത്. ഞായറാഴ്ച സിബിഐ അറസ്റ്റു ചെയ്ത മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.