പിണറായിയുടെ പ്രകടനം കണ്ടാൽ കിണ്ണം കട്ടവനെന്നേ തോന്നൂ; കറുത്ത തുണിപോലും പേടി – കെ.സുധാകരൻ
1 min readതിരുവനന്തപുരം : ലൈഫ്മിഷൻ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിച്ചപ്പോൾ ‘കിണ്ണം കട്ടവനാണെന്നേ തോന്നൂ’വെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. പഴയ പിണറായി വിജയൻ, പുതിയ പിണറായി വിജയൻ, ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നയാൾ, ഇരട്ടച്ചങ്കൻ തുടങ്ങിയ വിശേഷണങ്ങളെല്ലാം നിയമസഭയിൽ നിന്ന് ഇറങ്ങിയോടി. കൈയോടെ പിടിക്കപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയിൽ നിന്ന് നിയമസഭയിൽ കണ്ടത്.
നിയമസഭയിൽ ഒളിച്ചിരിക്കുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പൊക്കാൻ ഇഡി കയറി വരുമോ എന്ന ഭയവും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കാം. കേരളത്തിന്റെ ഒരു മുഖ്യമന്ത്രിക്കും ഇങ്ങനെയൊരു ദാരുണാവസ്ഥ ഉണ്ടായിട്ടില്ലെന്നും ഇനിയാർക്കും ഉണ്ടാവാതിരിക്കട്ടെയെന്നുമാണ് തന്റെ പ്രാർഥന. കെ.സുധാകരൻ പറഞ്ഞു.
കണ്ണൂർ ശൈലിയിൽ എംഎൽഎമാരെ ഇളക്കി വിട്ട് ബഹളം വെച്ച്, പ്രമേയം അവതരിപ്പിച്ച മാത്യു കുഴൽനാടനെയും വി.ഡി.സതീശനെയും ഇരുത്താനാണ് ഭരണപക്ഷം ശ്രമിച്ചത്. സ്പീക്കർക്ക് ഭരണകക്ഷി അംഗങ്ങളെ പലതവണ ശാസിക്കേണ്ടി വന്നു. മുഖ്യമന്ത്രിയെ പുകഴ്ത്താനും സംരക്ഷിക്കാനും ചാവേറുകളെപ്പോലെയാണ് ചില എംഎൽഎമാർ സ്വന്തം അസ്തിത്വം പണയപ്പെടുത്തി പെരുമാറിയത്. എന്നാൽ, പാവപ്പെട്ടവർക്ക് വീടു കെട്ടേണ്ട 20 കോടിയിൽ ഒൻപതേകാൽ കോടി രൂപ കട്ടതിന്റെ ജാള്യം ഓരോ സിപിഎം അംഗത്തിന്റെയും മുഖത്ത് എഴുതിവച്ചിരുന്നു. സത്യത്തെ ഏറെ നാൾ കുഴിച്ചുമൂടാമെന്ന് കരുതേണ്ടെന്നും സുധാകരൻ പറഞ്ഞു.
ഇസഡ് കാറ്റഗറി സുരക്ഷ പൊലീസ് നൽകുന്നതാണെന്നും അത് വേണ്ടെന്നു പറയാൻ മുഖമന്ത്രിക്ക്കഴിയില്ലെന്നുമുള്ള പിണറായിയുടെ തള്ള് ചരിത്രബോധമുള്ളവർ കേട്ട് ചിരിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇസഡ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് എഴുതി കൊടുക്കുകയും ഒരു പൈലറ്റും എസ്‌കോർട്ടുമായി അഞ്ചു വർഷം കേരളം ഭരിക്കുകയും ചെയ്തു. അദ്ദേഹത്തെ ഡിവൈഎഫ്‌ഐക്കാർ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചപ്പോഴും സുരക്ഷ കൂട്ടാൻ ഉമ്മൻചാണ്ടി സമ്മതിച്ചില്ല. ഒരു കറുത്ത തുണിയെപ്പോലും പേടിക്കുന്ന പിണറായി വിജയൻ ഇപ്പോൾ പ്രധാനമന്ത്രിക്കു മാത്രമുള്ള എസ്.പി.ജി പ്രൊട്ടക്ഷനെപ്പോലും തോൽപ്പിക്കുന്ന രീതിയിലുള്ള വൻസന്നാഹവുമായാണ് ജനങ്ങളെ വഴിനീളെ ബുദ്ധിമുട്ടിലാക്കി യാത്ര ചെയ്യുന്നത്. ഇതു ഭീരുത്വമല്ലാതെ മറ്റെന്താണെന്ന് സുധാകരൻ ചോദിച്ചു.