ജോസ് കെ മാണി ബി.ജെ.പിയില്‍ ചേക്കേറുമോ? ഇടതില്‍ പ്രാമാണിത്തമില്ല ; ജോസ് കെ.മാണിക്ക് ഇനി പോംവഴി ബി.ജെ.പി മാത്രം

1 min read

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുന്നു. പാര്‍ട്ടികളും മുന്നണികളുമെല്ലാം അരയും തലയും മുറുക്കി രംഗത്തിറങ്ങി തുടങ്ങി. കേരളത്തിലും സ്ഥിതി മറിച്ചല്ല. കൂട്ടിയും കിഴിച്ചും വലിയ കണക്കു കൂട്ടലുകളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ . യു ഡി എഫ് 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമാണ് കെ.മുരളീധരന്‍ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 19 സീറ്റിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്. ആലപ്പുഴ ഒഴികെ എല്ലാം കൊയ്തു. 1977ലാണ് ഇതിന് മുമ്പ് ഇത്ര വലിയ വിജയം ഉണ്ടായത്.

ഇപ്പോള്‍ കര്‍ണാടക കൂടി വിജയിച്ചിരിക്കുന്നു. അത് യു.ഡി.എഫില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടില്‍ ഉണ്ടായ ചോര്‍ച്ചയാണ് എല്‍.ഡി.എഫ് വിജയത്തിന് കാരണം. കര്‍ണാടക തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ മുസ്ലിം ന്യൂനപക്ഷം കോണ്‍ഗ്രസിന്റെ കൂടെയാണ്. അത് കേരളത്തിലും പ്രകമ്പനം ഉണ്ടാക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ ലീഗ് എല്‍.ഡി.എഫിലേക്ക് പോകുമെന്ന പ്രചാരണമൊക്കെ ഇപ്പോള്‍ അസ്ഥാനത്താകുകയാണ്. അതേ പോലെ ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ് എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

എന്നാല്‍ വലിയ സ്വപ്നങ്ങളുമായി യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ എത്തിയ ജോസ് കെ.മാണിയാകട്ടെ സിറ്റിംഗ് സീറ്റായ കോട്ടയത്തിനു പുറമേ ഇടുക്കിയും പത്തനംതിട്ടയും കൂടി ആവശ്യപ്പെടാനാണ് തീരുമാനിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ സഭകള്‍ക്ക് വളരെ സ്വാധീനമുള്ള ഈ പ്രദേശങ്ങളില്‍ തങ്ങള്‍ക്ക് അനായാസേന ജയച്ചു കയറാന്‍ കഴിയും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഇടുക്കി കിട്ടിയില്ലെങ്കിലും വേണ്ടില്ല, പത്തനംതിട്ട വേണമെന്ന വാശിയിലാണവര്‍. കേരള കോണ്‍ഗ്രസ് എം മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു നല്‍കാം എന്നവര്‍ ഉറപ്പു പറയുന്നു.
എന്നാല്‍, ഇതൊന്നും കേട്ടതായി നടിക്കുന്നതേയില്ല സി പി എം. മുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐ മത്സരിക്കുന്ന 4 സീറ്റുകളില്‍ ഏതൊക്കെ പിടിച്ചെടുക്കാം എന്ന ആലോചനയിലാണവര്‍. പിന്നെങ്ങനെ ജോസിന് കൂടുതല്‍ സീറ്റ് നല്‍കും. ആവേശത്തിന് ഇടതുമുന്നണിയിലേക്ക് ഓടിക്കയറി വന്നതാണ് ജോസ് . യു.ഡി.എഫില്‍ ഉണ്ടായിരുന്നതു പോലുള്ള സ്വാധീനമൊന്നും ഇടതുമുന്നണിയില്‍ തങ്ങള്‍ക്ക് ഇല്ലെന്നും അറിയാം. ഒരു തരം ഏഴാം കൂലികളായി എത്രനാള്‍ ഇടതുമുന്നണിയില്‍ തുടരാനാകും.
ഇടതുപക്ഷത്തുള്ള ജോസ് കെ.മാണിയെ തിരികെയെത്തിക്കാന്‍ യു ഡി എഫില്‍ ശ്രമം നടക്കുന്നുണ്ട്. കെ.സുധാകരന്റെ ക്ഷണം അതിനു മുന്നോടിയാണ്. എന്നാല്‍, ഇറക്കി വിട്ടിടത്തേക്ക് ഇനിയില്ല എന്നാണ് ജോസ് വിഭാഗം പറയുന്നത്.
തങ്ങളുടെ ആവശ്യം ഇടതുമുന്നണി പരിഗണിച്ചില്ലെങ്കില്‍, പിന്നീട് ജോസ്.കെ.മാണിക്കുള്ള ഏക ആശ്രയം ബി.ജെ.പി.യാണ്. അടുത്തിടെയായി , ക്രിസ്ത്യന്‍ സഭകള്‍ ബി.ജെ.പിയോട് അടുക്കുന്നത് തങ്ങള്‍ക്ക് അനുകൂലമായാണ് ജോസ് കെ.മാണി കാണുന്നത്. സഭകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബി ജെ.പി യോടൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് എം തയ്യാറായേക്കുമെന്ന സൂചനകളാണ് വരുന്നത്. അതുവഴി കേന്ദ്രമന്ത്രി സ്ഥാനവും ജോസ് സ്വപ്നം കാണുന്നു. 2024 ല്‍ മൂന്ന് സീറ്റ ങ്കിലും നേടണമെന്ന് ബി.ജെ.പി. കേന്ദ്ര നേതൃത്വം കേരള ഘടകത്തോട് ആവശ്യപ്പെട്ടതും തങ്ങള്‍ക്ക് അനുകൂലമായാണ് കേരള കോണ്‍ഗ്രസ് കാണുന്നത്. ക്രൈസ്തവ സഭകള്‍ അനുകൂലിച്ചാല്‍ അവരുടെ ആശീര്‍വാദത്തോടെ ബി.ജെ.പി. പക്ഷത്തേക്ക് ചായാനുള്ള ഒരുക്കങ്ങള്‍ കേരള കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരം.

Related posts:

Leave a Reply

Your email address will not be published.