നിയന്ത്രണം വിട്ട വാഹനം കിണറ്റില്‍ വീണു; യുവാവ് രക്ഷപ്പെട്ടത് അത്ഭുകരമായി
1 min readഇടുക്കി: ഇടുക്കി സേനാപതിക്ക് സമീപം മാങ്ങാത്തൊട്ടിയില്‍ നിയന്ത്രണം വിട്ട വാഹനം കിണറ്റില്‍ വീണു. മാങ്ങാത്തൊട്ടി സ്വദേശി ചെരുവില്‍ പ്രിന്‍സിന്റെ ബൊലേറോ ജീപ്പാണ് കിണറ്റില്‍ വീണത്. അപകടത്തില്‍ നിന്ന് അത്ഭുകരമായിട്ടാണ് പ്രിന്‍സ് രക്ഷപ്പെട്ടത്.
മാങ്ങാത്തൊട്ടി വില്ലെജ് ഓഫീസിന് സമീപം അലക്കുന്നേല്‍ ഗോപിയുടെ വീട്ടുവളപ്പിലെ പത്തടിയോളം ആഴമുള്ള കിണറ്റിലാണ് രാത്രിയില്‍ വാഹനം വീണത്. വാഹനത്തിലുണ്ടായിരുന്ന പ്രിന്‍സ് പരിക്കുകള്‍ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാഹനത്തിന്റെ പുറകിലെ ചില്ല് തകര്‍ത്താണ് പ്രിന്‍സിനെ രക്ഷപ്പെടുത്തിയത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് വാഹനം കയറ്റിയത്.
പാലക്കാട് ജില്ലയിലും സമാനമായ അപകടം ഉണ്ടായിരുന്നു. പിരായിരി പഞ്ചായത്തിന്റെ ജീപ്പാണ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണത്. പേഴുംകര ചിറക്കുളത്തിലേക്കാണ് ജീപ്പ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ജീപ്പിലുണ്ടായിരുന്ന പതിനൊന്നാം വാര്‍ഡ് മെമ്പര്‍ സൗജയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്തതാണ്. ഇതിന്റെ വടക്ക് ഭാഗത്ത് മണ്ണില്‍ നിന്നും ഏതാണ്ട് ഒരടിയോളം ഉയരമുണ്ട് കോണ്‍ക്രീറ്റ് റോഡിന്. ഇതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡില്‍ നിന്നും പുറത്ത് പോയ വാഹനം പുകിലേയ്ക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട പഞ്ചായത്ത് ജീപ്പ് സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷമാണ് കുളത്തിലേക്ക് വീണത്. കുളത്തില്‍ വെള്ളം കുറവായതിനാല്‍ വലിയൊരു അപകടം ഉണ്ടായില്ല.