സുരേഷ് ഗോപിയുടെ പ്രണയവിലാസം പങ്കുവെച്ച് ജയറാം

1 min read

രാത്രി 3 മണിവരെ ഫോണ്‍ വിളി, കാവലായി ജയറാം

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. പുതിയ സിനിമയായ ‘എബ്രഹാം ഓസ്ലറി’ലൂടെ ജയറാമിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികള്‍. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രത്തില്‍ ജയറാം നായകനായെത്തുമ്പോള്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷ ചെറുതല്ല. ഒരു കാലത്ത് തുടരെ ഹിറ്റ് സിനിമകളുമായെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജയറാം കുറച്ച് നാളായി മലയാളത്തില്‍ നിന്നും ഇടവേളയെടുത്തതായിരുന്നു.

സിനിമയെക്കുറിച്ചും സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഇന്നലെ’ എന്ന മലയാള ചിത്രത്തിന്റെ, റിലീസിന്റെ അന്ന് ഞാന്‍ പത്മരാജന്‍ സാറുടെ വീട്ടിലിരിക്കുകയാണ്. ടെന്‍ഷനുണ്ടോടാ എന്ന് സാര്‍ ചോദിച്ചു. പേടിക്കേണ്ടെടാ, അവസാനം ശോഭന നിന്റെ കൂടെ വരണം എന്ന് ആളുകളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ആഗ്രഹിച്ചാല്‍ പടം ഓടും. സുരേഷ് ഗോപിയുടെ കൂടെ പോകണം എന്നാഗ്രഹിച്ചാല്‍ ചിലപ്പോള്‍ വേറെ തരത്തിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ കൂടുതല്‍ ആളുകള്‍ ആഗ്രഹിച്ചത് എന്റെ കൂടെ വരണം എന്നായിരിക്കും. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ അഭിനയം ബ്രില്യന്റാണ്. നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ ഇതല്ലല്ലോ എന്ന് ചോദിക്കുമ്പോള്‍ ഒരു ഫോട്ടോ എടുത്ത് ഡയറിക്കുള്ളില്‍ മറച്ച് അല്ല എന്ന രീതിയില്‍ തലയാട്ടും. ആ ഷോട്ട് കഴിഞ്ഞ് ഞാന്‍ സുരേഷിനെ കെട്ടിപ്പിടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അവസാനത്തെ ഷോട്ടായിരുന്നു അത്.


ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് കുറച്ചുള്ളിലോട്ടാണ്. എസ്റ്റിഡി ബൂത്തുള്ളത് ടൗണിലാണ്. അതുകൊണ്ടുതന്നെ ഫോണ്‍ ചെയ്യണമെങ്കില്‍ ടൗണില്‍ പോകണം. സുരേഷ് ഗോപിയുടെ കല്യാണം നിശ്ചയിച്ച് പ്രണയം മൂത്ത് കിടക്കുന്ന സമയമായിരുന്നു അന്ന്. കല്യാണം നിശ്ചയിച്ച ശേഷമുള്ള പ്രണയം. സുരേഷ് ബൂത്തില്‍ കയറി ഫോണ്‍ ചെയ്യുമ്പോള്‍, ഞാന്‍ ധര്‍മ്മക്കാര്‍ കിടക്കുന്നത് പോലെ ആ ബൂത്തിന്റെ ഭാഗത്ത് കിടക്കും. രാത്രി ഒന്നര മണിക്കും രണ്ട് മണിക്കുമെല്ലാമാണിത് നടക്കുന്നത്. കണ്ണ് തുറന്ന് നോക്കുമ്പോള്‍ സുരേഷ് ഗോപി ഫോണില്‍ തകര്‍ക്കുകയായിരിക്കും. മൂന്ന് മണിയാകുമ്പോള്‍ ഫോണ്‍വിളിയൊക്കെ കഴിഞ്ഞ് സുരേഷ് ഗോപി മടങ്ങി വരുമായിരുന്നു.. ജയറാം ഓര്‍ത്തു.

തന്റെ സിനിമകളിലെല്ലാം ഒരു കാലത്ത് ഹിറ്റ് പാട്ടുകളായിരുന്നെന്നും ജയറാം ചൂണ്ടിക്കാട്ടി. ജോണ്‍സണ്‍ മാഷിന്റെ ഏറ്റവും കൂടുതല്‍ പാട്ടുകളില്‍ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായി. ചെറുപ്പം തൊട്ടെ ദാസേട്ടന്റെ വലിയ ആരാധകനായിരുന്നു താനെന്ന് ജയറാം പറയുന്നു. ദാസേട്ടന്റെ പാട്ടിനായി ആകാശവാണിക്ക് കത്തയക്കും. ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന പാട്ട് വെക്കാന്‍ ആലപ്പുഴ റേഡിയോ സ്റ്റേഷനിലേക്ക് കത്തയച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.