‘ജയ് ശ്രീറാം’ നയന്‍താരയുടെ ക്ഷമാപണക്കത്ത്
1 min readനിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതില്‍ ക്ഷമിക്കുക
‘അന്നപൂരണി’ വിവാദത്തില്‍ മാപ്പ് പറഞ്ഞു നയന്‍താര. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടില്‍ നല്കിയ കത്തിലൂടെയാണ് നയന്‍താര ഖേദം പ്രകടിപ്പിച്ചത്. താന്‍ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് നയന്‍താര പറയുന്നത്. സിനിമയിലൂടെ പോസറ്റീവ് സന്ദേശം നല്കാന് ആണ് ശ്രമിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതിയുള്ള ചിത്രം ഒടിടിയില്‍ എത്തുമ്പോള്‍ വിവാദമാകുമെന്ന് കരുതിയില്ലെന്നും നയന്‍താര പറയുന്നു.
”ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്, അതിനു കാരണം ‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയാല്‍ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയത്. നയന്‍താര പറഞ്ഞു.
ചിത്രത്തിന്റെ ഒരു പോസിറ്റീവ് സന്ദേശം പകരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങള്‍ക്ക് തോന്നി. മനഃപൂര്‍വമായിരുന്നില്ല അതെന്നും താരം കൂട്ടിച്ചേര്‍ത്തു. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുകയും തിയറ്ററില്‍ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒടിടിയില്‍ നിന്ന് നീക്കം ചെയ്തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താന്‍ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എല്ലാ ആരാധനാലയങ്ങളും സന്ദര്‍ശിക്കുന്ന ദൈവവിശ്വാസിയായ ഞാന്‍ ഒരിക്കലും മനഃപൂര്‍വം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തില്‍ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാര്‍ഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകള്‍ പ്രചരിപ്പിക്കാനും മറ്റുള്ളവരില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാനും മാത്രമാണ് ഈ 20 വര്‍ഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കല്‍ കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നയന്‍താര പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തിയെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്നും ആരോപിച്ചുള്ള മുംബൈ നിവാസിയായ രമേഷ് സോളങ്കി നല്കിയ പരാതിയില്‍ ‘അന്നപൂരണി’യുടെ അണിയറ പ്രവര്‍ത്തകര്‍ക്കും, താരങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ചിത്രത്തില്‍ ശ്രീരാമന് മാംസാഹാരം കഴിക്കുന്നയാളാണെന്ന പരാമര്‍ശമുണ്ടെന്നും രമേഷ് സോളങ്കി പരാതിയില്‍ ആരോപിച്ചു. സംഭവം വലിയ വിവാദമായതോടെ നെറ്റ്ഫ്ലിക്സില്‍ നിന്നും ചിത്രം നീക്കം ചെയ്യുകയുണ്ടായി.