ക്രമക്കേട് നടന്നെന്ന് വ്യക്തമായി, മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രന്‍

1 min read

 ന്യൂഡല്‍ഹി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചെലവഴിച്ചതില്‍ ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായെന്ന്  വ്യക്തമായതിനാല്‍ ധാര്‍മികത അല്പമെങ്കിലുമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോകായുക്തയിലെ രണ്ട് ജഡ്ജിമാരില്‍ ഒരാള്‍ മുഖ്യമന്ത്രി കുറ്റം  ചെയ്‌തെന്ന് വ്യക്തമാക്കി കഴിഞ്ഞു. രണ്ടാമത്തെയാള്‍ ഏത് സാങ്കേതിക പ്രശ്‌നമാണ് ചൂണ്ടിക്കാട്ടിയതെന്ന് അറിയാനിരിക്കുന്നതേയുള്ളു. സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി ഭരണത്തില്‍ തുടരുന്നത് മുഖ്യമന്ത്രിയുടെ അധികാര ദുര മൂലമാണ്. ഇനി മുഖ്യമന്ത്രിക്ക് അനൂകൂലമായി വിധി വരാന്‍ ഒരു സാദ്ധ്യതയുമില്ല.  പല കേസിലും മുഖ്യമന്ത്രി  അന്വേഷണം നേരിടുകയാണ്. ഇപ്പോള്‍ രാജിവച്ചുപോകുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ  നിലപാടെന്തെന്നറിയാന്‍ താല്പര്യമുണ്ട്. പുരപ്പുറത്ത് കയറി ജനാധിപത്യ മൂല്യങ്ങളെ കുറിച്ചു പ്രസംഗിക്കുന്നവരാണല്ലോ സി.പി.എമ്മുകാര്‍. എം.വി.ഗോവിന്ദനും സീതാറാം യച്ചൂരിയും ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും ലോകായുക്ത കേസില്‍ വിധി വരാത്തതില്‍ കേരളത്തിലെ ജനങ്ങള്‍ക്കുള്ള പരാതിയില്‍ ഹൈക്കോടതി പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 എതിര്‍ത്തത് ഹൈവേക്ക് പണം നല്‍കില്ല എന്ന നിലപാടിനെ

 കേരളത്തിലെ ദേശീയ പാത ഭൂമിയെടുപ്പിനുള്ള 25 %സംസ്ഥാന വിഹിതം  ഇനി നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും ഇതിലുറച്ചു നില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് മുമ്പ് കേരളം വിഹിതം നല്‍കിയിട്ടില്ല എന്നു പറഞ്ഞിട്ടില്ല. ഇനി നല്‍കാനാവില്ല എന്ന് മുഖ്യമന്ത്രി രേഖാമൂലം  അറിയിച്ചതാണ്. ഇതിനായി കെ.വി.തോമസ് ഉള്‍പ്പെടെയുള്ള മദ്ധ്യസ്ഥന്മാരെയും വിട്ടു.  എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ പെരുമാറുന്നതെന്നും  ചോദിച്ച കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി  ,കേരള സര്‍ക്കാരിനെ ഇക്കാര്യത്തില്‍ ഉപദേശിക്കണമെന്നും പാര്‌ലമെന്‌റില്‍ കേരളത്തിലെ  അംഗങ്ങളോട് ആവശ്യപ്പെട്ടതുമാണ്. ഇതിനെക്കുറിച്ച് തെറ്റായ കാപ്‌സ്്യൂള്‍ പ്രചരിപ്പിക്കേണ്ടെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ്  നല്‍കി.

 വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് കിട്ടും. കേരളത്തിന് അര്‍ഹമായത്  യഥാ സമയത്ത് തന്നെ കിട്ടും.  കെ.റെയില്‍ വരും കേട്ടോ എന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോഴെന്താണ് പറയുന്നതെന്നും സുരേന്ദ്രന്‍  ചോദിച്ചു.

Related posts:

Leave a Reply

Your email address will not be published.