കഥയുടെ ഗന്ധര്‍വന്‍ മടങ്ങിയിട്ട് 33 വര്‍ഷം
1 min readമികച്ച കലാസൃഷ്ടികള്‍ വരും തലമുറയായിരിക്കും ആഘോഷമാക്കുക എന്ന് പറഞ്ഞുവച്ച മനുഷ്യന്‍
‘രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാന്‍ തുടങ്ങുമ്പോള്‍ നീ ഈ മണ്ണ് വിട്ടുപോകും. ഒരിക്കലും തിരിച്ചുവരവില്ലാത്തൊരു യാത്ര. ഒന്നിനും നിന്നെ തിരികെ വിളിക്കാന്‍ ആകില്ല…’ സ്വന്തം മരണത്തെപ്പറ്റി ഇങ്ങനെ കുറിച്ച കഥയുടെ ഗന്ധര്‍വന്‍ യാത്രയായിട്ട് ഇന്നേക്ക് 33 വര്‍ഷം.
ക്ലാര തോരാത്ത പെരുമഴയായി തലമുറകളെ ത്രസിപ്പിക്കുന്നു. അനശ്വര പ്രണയത്തിന്റെ രാധമാര്‍ ഇന്നും ബാക്കിയാകുന്നു. ഒപ്പം ഒരുപാതി കൊണ്ട് രാധയെ ജീവനോട് ചേര്‍ത്തിട്ടും മറുപാതി കൊണ്ട് ക്ലാരയില്‍ അലിയാന്‍ വെമ്പുന്ന ജയകൃഷ്ണന്‍മാരും. ഇപ്പോഴല്ല മികച്ച കലാസൃഷ്ടികള്‍ ഒരുപക്ഷേ വരും തലമുറയായിരിക്കും ആഘോഷമാക്കുക എന്ന് പറഞ്ഞുവച്ച മനുഷ്യന്‍. അക്ഷരംപ്രതി അതുശരിയായി.
തന്റെ സ്വന്തം തിരക്കഥയായ പെരുവഴിയമ്പലം സംവിധാനം ചെയ്തുകൊണ്ടാണ് പി. പത്മരാജന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം. മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം എന്നീ സിനമകള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ചിത്രങ്ങളായിരുന്നു. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം ഞാന്‍ ഗന്ധര്‍വന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേര്‍പാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു. കാലത്തിനു മുന്‍പേ സഞ്ചരിച്ച ആ പ്രതിഭയുടെ സിനിമകളും രചനകളും ഇന്നത്തെ തലമുറയും നെഞ്ചേറ്റുന്നു.