കോടികളുടെ നിക്ഷേപ തട്ടിപ്പ്; ഹരിപ്പാട് ധനകാര്യ സ്ഥാപനത്തിലെ 4 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അറസ്റ്റില്‍
1 min readഹരിപ്പാട്: ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കുമാരപുരം എനിക്കാവ് ഗുരുദേവ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 4 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അറസ്റ്റില്‍. എരിക്കാവ് പൂഴിക്കാട്ടില്‍ വീട്ടില്‍ അജിത് ശങ്കര്‍, ഊടത്തില്‍ കിഴക്കേതില്‍ സുകുമാരന്‍, കണ്ടലില്‍ വീട്ടില്‍ രാജപ്പന്, ധനകാര്യ സ്ഥാപനത്തിന്റെ ട്രഷറര്‍ മണിലാലിന്റെ ഭാര്യ ദീപ്തി മണിലാല്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. ദീപ്തിയുമായി ബന്ധപ്പെട്ട കേസുകള്‍ വീയപുരം പൊലീസ് സ്റ്റേഷനിലാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ കസ്റ്റഡിയില്‍ എടുത്ത് വീയപുരം പൊലീസിന് കൈമാറി അവിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കി മൂന്ന് പേരെയും തൃക്കുന്നപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. തൃക്കുന്നപ്പുഴ എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ നാല് പേരുടെയും വീടുകളില്‍ എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ധനകാര്യ സ്ഥാപനത്തിന്റെ പ്രസിഡന്റെ എം. ചന്ദ്രമോഹന്, വൈസ് പ്രസിഡന്റ് സതീശന്, സെക്രട്ടറി ടി. പി പ്രസാദ്, ട്രഷറര്‍ മണിലാല്‍ എന്നിവര്‍ ഒളിവിലാണ്. 47 പരാതികളിലാണ് തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ നിക്ഷേപകരുടെ എണ്ണൂറില്‍പ്പരം പരാതികളാണ് കാര്‍ത്തികപ്പള്ളി ലീഗല്‍ സര്‍വീസസ് കമ്മിറ്റിക്ക് ലഭിച്ചത്. ഇതില്‍ ആദ്യം ലഭിച്ച 300 പരാതികളില്‍ ശനിയാഴ്ച്ച ഹരിപ്പാട് കോടതിയില്‍ അദാലത്ത് നടന്നു. ആറ് മാസത്തിനുള്ളില്‍ പരിഹാരം കാണാമെന്നാണ് ധനകാര്യ സ്ഥാപന ഉടമസ്ഥര്‍ക്ക് വേണ്ടി അദാലത്തില്‍ ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു