സൂപ്പര്‍ ഹീറോ അല്ലേ, സാധാ പൊലീസാ
1 min readഅന്വേഷിപ്പിന്‍ കണ്ടെത്തും, ഞാന്‍ സാധാരണ പോലീസുകാരനാ
അന്വേഷണാത്മക സിനിമകള്‍ക്ക് പൊതുവെ മലയാള ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ ആരാധകര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഈയൊരു ജോണറിലുള്ള സിനിമകള്‍ തിയേറ്ററില്‍ വിജയം കാണാറുമുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും 2024ല്‍ ആദ്യമിറങ്ങുന്ന ഇന്‍വസ്റ്റിഗേറ്റീവ് മൂവിയാണ്. ടീസറും ട്രെയ്‌ലറുമെല്ലാം കണ്ട് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന് വേണ്ടി.
ടൊവിനോ തോമസ് ഡാര്‍വിന്‍ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ഫെബ്രുവരി 9ന് തീയേറ്ററുകളിലെത്തും. എസ്.ഐ ആനന്ദ് നാരായണന്‍ എന്ന പൊലീസുകാരനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്.
സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ തന്റെ വേഷത്തെ കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ:
”എസ്ര’ എന്ന സിനിമയില്‍ ഞാന്‍ എ.സി.പിയായിരുന്നു. ‘തരംഗ’ത്തില്‍ സസ്‌പെന്‍ഷനിലുള്ളൊരു പൊലീസുകാരനും. ‘കല്‍ക്കി’യില്‍ ലാര്‍ജര്‍ ദാന്‍ ലൈഫ് എന്ന് പറയാവുന്ന ക്യാരക്ടറായിരുന്നു. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ഈ സിനിമയില്‍ നമുക്കേറെ പരിചയമുള്ളൊരു പൊലീസുകാരനായിട്ടാണ് വേഷമിടുന്നത്. സൂപ്പര്‍ഹീറോ ഒന്നുമല്ല, സങ്കടം വരുമ്പോള്‍ കരയുകയും സന്തോഷിക്കുമ്പോള്‍ ചിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സാധാരണ പോലീസുകാരന്‍”.
ചിത്രത്തെ കുറിച്ച് ജിനുവും വ്യക്തമാക്കി.
”പ്യൂവര്‍ലി ഇന്‍വസ്റ്റിഗേഷന്‍ ആണ്. എന്നാല്‍ അതിനൊപ്പം തന്നെ ഇത് കണ്ടെത്താന്‍ പോകുന്ന ആളുകളുടെ മനോവ്യാപാരങ്ങളിലൂടെ ട്രാവന്‍ ചെയ്യുന്ന ഒരു സിനിമ കൂടിയാണിത്. നമ്മള്‍ അധികം സിനിമകളില്‍ അത് കണ്ടിട്ടില്ല. അന്വേഷകര്‍ അനുഭവിക്കുന്ന ഒരു സ്ട്രസ് ഉണ്ട്, നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമാണത്. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട വലിയ വിഷയമാണ്. ടൊവിനോയുടെ കഥാപാത്രം അനുഭവിക്കുന്ന വലിയ സംഘര്‍ഷമുണ്ട്. അയാളെ വിട്ടൊഴിയാതെ പിന്തുടരുന്നുണ്ട് അത് സിനിമയിലുടനീളം, അതാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഇത് അന്വേഷണങ്ങളുടെ കഥ മാത്രമല്ല, അന്വേഷകരുടെ കഥ കൂടിയാണ്”.
ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’ക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും.
ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നന്‍ പകല്‍ മയക്കം ഫെയിം) എന്നിവരും പ്രധാന താരങ്ങളായെത്തുന്നു.
ചിത്രത്തില്‍ രണ്ടു പുതുമുഖ നായികമാരെയും അവതരിപ്പിക്കുന്നുണ്ട്.
1990കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിനായി മലയാള സിനിമ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ലൊക്കേഷനുകളാണ് തെരഞ്ഞെടുത്തിരുന്നത്. സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്. ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് ഛായാഗ്രഹണം.