കശ്മീരിലും ഇന്ത്യാ മുന്നണി പൊട്ടി
1 min readഒറ്റയ്ക്ക് മത്സരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് തീരുമാനിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യാമുന്നണി കശ്മീരിലും ഇല്ലാതായി.ഇന്ത്യാ മുന്നണിയുടെ തുടക്കത്തിലെ നായകരിലൊരാളായ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയാണ് കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഈയിടെ ഡല്‍ഹിയില്‍ കേരളത്തിലെ എല്‍.ഡി.എഫ് മന്ത്രിമാരും എം.എല്‍.എ മാരും കേന്ദ്രവിരുദ്ധ സമരം നടത്തിയപ്പോള്‍ ഫറൂഖ് അബ്ദുള്ളയും അഭിവാദ്യം ചെയ്യാനെത്തിയിരുന്നു.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കശ്മീരിലെ ആറു സീറ്റില്‍ കഴിഞ്ഞ തവണ മൂന്ന് സീറ്റ് ബി.ജെ.പിയും മൂന്ന് സീറ്റ് നാഷണല്‍ കോണ്‍ഫറന്‌സുമാണ് ജയിച്ചത്. ജമ്മുവിലും ഉദ്ദംപൂരിലും ലഡാക്കിലുമാണ് ബി.ജെ.പി ജയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, മെഹബൂബ മുഫ്തിയുടെ പി.ഡി.പി എന്നിവയാണ് ഇന്ത്യാ മുന്നണിയിലുള്ളത്. കാശ്മീര്‍ മേഖലയില്‍ അനന്തനാഗ്, ശ്രീനഗര്‍, ബാരാമുള്ള എന്നിവയാണ് ആ സീറ്റുകള്‍.
കശ്മീരില്‍ ഇന്ത്യാ മുന്നണിയില്‍ ഭിന്നത വന്നതോടെ മുന്നണിയില്‍ തിരഞ്ഞെടുപ്പ് സഖ്യം നടക്കാത്ത സംസ്ഥാനങ്ങളുടെ എണ്ണം കൂടി. ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസിനെ ഒഴിവാക്കി സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്താനുള്ള ശ്രമത്തിലാണ്.