പ്രധാനമന്ത്രി നിർദ്ദേശിച്ചു; തുർക്കിയിലേക്ക് ഇന്ത്യ ദുരന്ത നിവാരണസേനയെ അയയ്ക്കും
1 min readന്യൂഡൽഹി: അയൽരാജ്യങ്ങളായ തുർക്കിയിലും സിറിയയിലും ഇന്ന് പുലർച്ചയുണ്ടായ ഭൂകമ്പത്തിൽ 1400ലധികം ആളുകൾ മരിച്ചു. തുർക്കിയിൽ മാത്രം 912പേർ മരിച്ചതായും 5383 പേർക്ക് പരിക്കേറ്റതായും അറിയുന്നു. സിറിയയിൽ 560 പേർ മരിച്ചതായാണ് വിവരം.
ഇതിനിടെ തുർക്കിയിൽ രണ്ടാമതും ഭൂചലനമുണ്ടായി. 7.5 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിന് സമീപമുള്ള എകിനോസു പട്ടണത്തിന് സമീപമാണ്. ആദ്യ ഭൂചലനവുമായി ഇതിന് ബന്ധമില്ലെന്നും തുടർ ചലനങ്ങൾ പ്രതീക്ഷിക്കാമെന്നും തുർക്കിഷ് ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് ദുരന്ത നിവാരണസേനയെ അയയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു. ഡോക്ടർമാരുടെ സംഘത്തെയും ദുരിതാശ്വാസത്തിനാവശ്യമായ വസ്തുക്കളും അയയ്ക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. തുർക്കിക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആവശ്യമായ നടപടികളെടുക്കാൻ തീരുമാനിച്ചു. യോഗത്തിൽ കാബിനറ്റ് സെക്രട്ടറിമാർ, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, സിവിൽ ഏവിയേഷൻ, ആരോഗ്യം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെയും എൻഡിആർഎഫിന്റെയും പ്രതിനിധികൾ പങ്കെടുത്തു. 100 പേർ വീതമടങ്ങുന്ന രണ്ട് എൻഡിആർഎഫ് സംഘത്തെയും വിദഗ്ദ്ധ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിനെയുമാണ് അയയ്ക്കുന്നത്. ഡോക്ടർമാർക്കൊപ്പം മെഡിക്കൽ സംഘവും മരുന്നുകളും ഉണ്ടാകും. തുർക്കി സർക്കാരും തുർക്കിയിലെ ഇന്ത്യൻ എംബസിയുമായും ഇസ്താംബൂളിലെ ഇന്ത്യൻ കോണസുലേറ്റുമായും ഏകോപിപ്പിച്ചായിരിക്കും ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യുന്നത്.