ബംഗ്ലാദേശിന് 377കോടിയുടെ ഡീസൽ പൈപ്പ് ലൈൻ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
1 min readന്യൂഡൽഹി : 377കോടി രൂപയുടെ ഡീസൽ പൈപ്പ് ലൈൻ ബംഗ്ലാദേശിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ ഇതോടെ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് കുറഞ്ഞ ചെലവിൽ ഡീസൽ എത്തിക്കാൻ പൈപ്പ് ലൈനിന് സാധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.
നിലവിൽ 512 കിലോമീറ്റർ റെയിൽ മാർഗത്തിലൂടെയാണ് ഇന്ത്യ, ബംഗ്ലാദേശിന് ഡീസൽ എത്തിക്കുന്നത്. 131.5 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ വന്നതോടെ പ്രതിവർഷം ഒരു മില്യൺ ടൺ ഡീസൽ കുറഞ്ഞ ചെലവിൽ ബംഗ്ലാദേശിൽ എത്തിക്കാൻ ഇന്ത്യക്ക് സാധിക്കും. അസമിലെ നുമാലിഗഢിൽ നിന്നാണ് പൈപ്പ് ലൈൻ ആരംഭിക്കുന്നത്. 2018ലാണ് പൈപ്പ് ലൈനിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്കുള്ള ആദ്യ ഇന്ധന പൈപ്പ് ലൈനാണിത്. പദ്ധതിയിൽ ബംഗ്ലാദേശിന്റെ വിഹിതമായ 285കോടി രൂപയും ഗ്രാന്റ് അടിസ്ഥാനത്തിൽ ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.