യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിൽ അംഗത്വം നേടി ഇന്ത്യ – ഇന്ത്യക്ക് 46 വോട്ട്, ചൈനയ്ക്ക് 19ഉം
1 min read24 അംഗങ്ങളാണ് കമ്മീഷനിലുള്ളത്. 4 വർഷമാണ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി.
ന്യൂഡൽഹി : യു.എൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ അംഗത്വം നേടി ഇന്ത്യ. 46 വോട്ടുകൾ നേടി ഇന്ത്യ മുന്നിലെത്തിയപ്പോൾ, ചൈനയ്ക്ക് ലഭിച്ചത് 19 വോട്ടുകൾ മാത്രം. ദക്ഷിണ കൊറിയ, യുഎഇ എന്നിവ യഥാക്രമം 23ഉം 15ഉം വോട്ടുകൾ നേടി. കഴിഞ്ഞ ദിവസമായിരുന്നു യു.എൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്കുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിലെ നേട്ടം പ്രധാനമന്ത്രിയുടെ നേതൃത്വത്തിനുള്ള അംഗീകാരമാണ്.
യു.എൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിച്ചത് 1947ലാണ്. അംഗങ്ങളായ രാജ്യങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് തീരുമാനങ്ങൾ എടുക്കുന്ന സംഘടനയാണിത്. 24 അംഗങ്ങളാണ് കമ്മീഷനിലുള്ളത്. അാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 5, ഏഷ്യ-പസഫിക് രാജ്യങ്ങളിൽ നിന്ന് 4, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 4, ലാറ്റിൻ അമേരിക്കൻ- കരീയൻ രാജ്യങ്ങളിൽ നിന്ന് 4, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 7 എന്നിങ്ങനെയാണ് കമ്മീഷനിലെ പ്രാതിനിധ്യം. നാല് വർഷമാണ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി. പുതിയ അംഗങ്ങൾ ജനുവരി 1ന് ചുതലയേൽക്കും.
വളരെ സങ്കീർണമായ തെരഞ്ഞെടുപ്പായിരുന്നു യു.എൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേതെന്നും നിർണായക വിജയം നേടാൻ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.