232 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ
1 min readന്യൂഡൽഹി : ചൈനീസ് ബന്ധമുള്ള 232 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഐ.ടി വകുപ്പാണ് ഉത്തരവിറക്കിയത്. നിരോധിച്ചവയിൽ 94 എണ്ണം ലോൺ ആപ്പുകളും 138 എണ്ണം വാതുവെപ്പ് ആപ്പുകളുമാണ്. ഇത്തരം ആപ്പുകൾ ഒട്ടേറെപ്പേരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇവ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് തടസ്സമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാതുവെയ്പ് ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും നിയമവിധേയമല്ലാത്തതിലാണ് അവ നിരോധിച്ചത്. ഇത്തരം ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും വേണ്ടി പരസ്യം നൽകുന്ന ഓൺലൈൻ, ടെലിവിഷൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഉപഭോക്തൃ സംരക്ഷണ നിയമം 2021,കേബിൾ ടിവി നെറ്റ് വർക്ക് റെഗുലേഷൻ നിയമം 1995, ഐടി നിയമം 2021 എന്നിവയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഐടി മന്ത്രാലയം അറിയിച്ചു.