സര്‍ക്കാര്‍ കൊടുത്തില്ലെങ്കില്‍ മറിയക്കുട്ടിക്ക് പെന്‍ഷന്‍ പിരിച്ചു നല്‍കുമെന്ന് ഹൈക്കോടതി
1 min readപെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്ന് സര്‍ക്കാര്‍, ധൂര്‍ത്തിന് ഉണ്ടല്ലോയെന്ന് കോടതി
മറിയക്കുട്ടിയുടെ മുന്നില്‍ സര്‍ക്കാര്‍ വീണ്ടും തോറ്റു. നേരത്തെ മറിയക്കുട്ടിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സി.പി.എം മുഖപത്രം ദേശാഭിമാനി മാപ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹൈക്കോടതിയും മറിയക്കുട്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരെ തിരിയുന്നു. അടിമാലിയിലെ മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. .അഞ്ച് മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അങ്ങനെയെങ്കില്‍ പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഇതും സര്‍ക്കാരിന് വലിയ തിരിച്ചടിയായി.
മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ വൈകാരികമായാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത്. 78 വയസുള്ള സ്ത്രീയാണ് അവര്‍. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ആവശ്യമെങ്കില്‍ അഭിഭാഷകര്‍ക്കിടയില്‍ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. താമസിക്കാന്‍ സ്വന്തമായൊരു വീടുപോലും ഇല്ലെന്ന് മറിയക്കുട്ടി കോടതിയെ അറിയിച്ചിരുന്നു.
ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കോടതിക്ക് മുമ്പില്‍ എത്തിയ മറിയക്കുട്ടി ഒരു വി.ഐ.പിയാണ്. അങ്ങനെയാണ് കോടതി പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മറിയക്കുട്ടിക്ക് വിധവ പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നാളെ തന്നെ തീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കേന്ദ്രസര്‍ക്കാര്‍ വിഹിതം എന്തുകൊണ്ട് നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.
പെന്‍ഷന്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിഷയത്തില്‍ സര്‍ക്കാരിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും വിശദീകരണം ഹൈക്കോടതി തേടിയിരുന്നു.
സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അടിമാലി ടൗണില്‍ മറിയക്കുട്ടിയും അന്ന ജോസഫും ഭിക്ഷയാചിച്ചിരുന്നു. ഇത് സര്‍ക്കാരിനെ വെട്ടിലാക്കി. ഇതേ തുടര്ന്നാണ് ദേശാഭിമാനി അപവാദ പ്രചാരണവുമായി രംഗത്തുവന്നത്. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും മക്കള്‍ വിദേശത്താണെന്നുമായിരുന്നു ദേശാഭിമാനിയുടെ ആരോപണം. പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ പറയുന്നതു കേട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ദേശാഭിമാനി വാര്‍ത്ത കൊടുത്തത്. ഇതേ തുടര്ന്നാണ് ദേശാഭിമാനി പത്രം മാപ്പ് പറഞ്ഞത്. തന്റെ പേരില്‍ സ്വത്തൊന്നുമില്ലെന്ന് തെൡയിക്കുന്ന വില്ലേജ് ഓഫീസറുടെ രേഖകളാണ് മറിയക്കുട്ടി പുറത്തുവിട്ടത്. അതേ സമയം തെറ്റായ വാര്‍ത്ത കൊടുത്തതിനെതിരെ കോടതിയെ സമീപിക്കുമെന്നും മാപ്പ് കോടതിയോട് പറഞ്ഞോട്ടെയെന്നുമാണ് മറിയക്കുട്ടി പറഞ്ഞത്.