ഇബസ്: മന്ത്രി ഗണേഷ് തെറിക്കുമോ?
1 min read
അഭിപ്രായത്തിലുറച്ച് നിന്നാല്‍ മന്ത്രി ഗണേഷിന് പുറത്ത് പോവേണ്ടി വരും.
ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജിവയ്ക്കേണ്ടി വരുമോ. അതോ താന്‍ പറഞ്ഞതെല്ലാം വിഴുങ്ങി രണ്ടര കൊല്ലമായി കാത്തിരുന്നു കിട്ടിയ മാമ്പഴം കളയാതെ സൂക്ഷിക്കുമോ. ഇതു രണ്ടും സംഭവിക്കാതിരിക്കണമെങ്കില്‍ പറഞ്ഞ വാക്കില്‍ നിന്ന് സി.പി.എം പിന്നോട്ടടിക്കണം. ഗണേഷിനെ വിമര്‍ശിച്ചത് വെറും ചോട്ടാകളായ മേയറും മുന്‍ മേയറും മാത്രമല്ല. പാര്‍ട്ടി സെക്രട്ടറിയും ഗണേഷിനെതിരെ രംഗത്തുവന്നതോടെ സി.പി.എമ്മിന് ഇനി പിറകോട്ടടിക്കാന്‍ കഴിയുമോ.
ഗണേഷ് പറയുന്നതിലും കാര്യമുണ്ട്, ഗണേഷിനെ എതിര്‍ക്കുന്നവര്‍ പറയുന്നതിലും കാര്യമുണ്ട് എന്ന് പലര്‍ക്കും തോന്നാം. ഏതായാലും ബസ് വാങ്ങിക്കുന്നതിലുള്ള കമ്മിഷന് ഓര്‍ത്താണ് ഇനി ഇലക്ട്രിക് ബസുകള്‍ വേണ്ട എന്ന് ഗണേഷ പറഞ്ഞതെന്നാണ് പലരും ആക്ഷേപിക്കുന്നത്. അതേ സമയം കേന്ദ്രം തന്ന ഇല്കട്രിക് ബസുകള്‍ ഏറ്റുവാങ്ങാതിരുന്നവരാണ് സംസ്ഥാന സര്‍ക്കാര്‍.
എവിടെ ഇറങ്ങിയാലും പത്ത് രൂപ എന്നത് ഇലക്ട്രിക് ബസിന്റെ ഒരാകര്‍ഷണമായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ഇത് നഷ്ടക്കച്ചവടമാണ് എന്നാണ് ഗണേഷിന്റെ വാദം. ഇങ്ങനെ പോയാല്‍ അധികം മുന്നോട് പോകാനൊക്കുമോ എന്ന ചോദ്യം ഗണേഷ് ചോദിക്കുന്നു. ഒരുകോടി 10 ലക്ഷം രൂപയാകും ഒരു ഇലക്ട്രിക് ബസ് വാങ്ങാന്‍ . ആ സ്ഥാനത്ത് മൂന്ന ്ഡീസല് ബസ് വാങ്ങാം എന്നാണ് മന്ത്രി പറയുന്നത്. മന്ത്രി പറയുന്നത് കേള്‍ക്കേണ്ട താമസം കെ.എസ്.ആര്.ടി.സി എം.ഡി സ്മാര്‍ട്ട് സിറ്റി വഴി ലഭിക്കാനുള്ള 45 ഇലക്ട്രിക് ബസുകള്‍ക്ക് പകരം ഡീസല്‍ ബസുകള്‍ നല്കിയാല് മതിയെന്ന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

സി.പി.എം ആണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. ഗണേഷ് മന്ത്രിയായിട്ട് മൂന്നാഴ്ചയായേ ഉള്ളൂ. ഇതുവരെ വകുപ്പ് ഭരിച്ചിരുന്ന മന്ത്രി ചെയ്തതെല്ലാം മണ്ടത്തരമായിരുന്നു അതോ തട്ടിപ്പായിരുന്നു എന്ന ധ്വനിയാണ് ഗണേഷ് നല്‍കുന്നത്. അതിന്റെ ഉത്തരവാദിത്തം മുന്‍ മന്ത്രി ആന്റണി രാജുവിന്റെ മാത്രം തലയില്‍ കെട്ടാന്‍ സി.പി.എമ്മിനാകില്ല. അതുകൊണ്ടാണ് മന്ത്രി മാത്രമല്ലല്ലോ മന്ത്രിസഭയല്ലേ തീരുമാനമെടുക്കുക എന്ന പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് പറഞ്ഞത്.
പണം ഒന്ന് മലയാളിക്ക് പ്രശ്നമല്ല എന്നാണ് ഗണേഷ് പറയുന്നത്. നല്ല സാധനം കിട്ടിയാല്‍ മലയാളി അത് വാങ്ങും. അതുകൊണ്ടാണ് പിസയും നല്ല ഭക്ഷണമൊക്കെ കിട്ടുന്ന കടകളില്‍ കയറി മലയാളി ഭക്ഷണം കഴിക്കുന്നത്. രണ്ടുപേര്‍ കഴിച്ചാല്‍ ആയിരം രൂപയാകുമെങ്കിലും അത് പ്രശ്നമല്ല. ടിക്കറ്റ് നിരക്ക് കൂടിയതിനാല്‍ വന്ദേഭാരതില്‍ ആരെങ്കിലും കയറാതിരിക്കുന്നുണ്ടോ. സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. ആദ്യമായി എ.സി ലോ ഫ്ളോര്‍ ബസ് കൊണ്ടുവന്നത് നമ്മളാണ്. മാറ്റത്തോട് മുഖം തിരിക്കരുത് എന്നൊക്കെ ഗണേഷ് പറയുന്നു.
എന്നാല്‍ വീട്ടുജോലിക്ക് പോകുന്ന സത്രീകളുടെയൊക്കെ കഥ പറഞ്ഞാണ് മാദ്ധ്യമങ്ങളിലൂടെ സി.പി.എം ഗണേഷിന് മറുപടി പറയുന്നത്. ദിവസം 350 രൂപ വരുമാനമായി കിട്ടുമ്പോള്‍ 60 രൂപ വണ്ടിക്കൂലി കൊടുക്കേണ്ട സ്ഥലത്ത് 20 രൂപ മാത്രം കൊടുത്ത് നിത്യവൃത്തി കഴിക്കുന്നവരുടെ കഥയാണ് പത്രങ്ങള്‍ പൊടിപ്പും തൊങ്ങലുമായി വിവരിക്കുന്നത്. ഇതോടെ ഗണേഷിലെ ബൂര്‍ഷ്വയെ തുറന്നു കാണിക്കാനും പലര്‍ക്കും അവസരാമായി. കേന്ദ്രം തരാമെന്ന് പറഞ്ഞ ഇലക്ട്രിക് ബസുകള്‍ വേണ്ട എന്നു പറഞ്ഞപ്പോഴൊന്നും അനങ്ങാതിരിക്കുന്നവരും ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി ഇ സേവ പദ്ധഥി പ്രകാരം 950 ബസുകളാണ് കേരളത്തിന് ലഭിക്കാന്‍ പോകുന്നത്. ഇത വേണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഹരിത ഊര്‍ജ്ജ പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കേന്ദ്രം ഇ ബസുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇപ്പോള്‍ തന്നെ സ്മാര്‍ട്ടി സിറ്റി പ്രകാരം തിരുവനന്തപുരത്ത ഓടുന്ന 113 ഇല്ക്ടിക് ബസുകളാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്. ഇലക്ട്രിക് ബസ് വന്നതോടെ കൂടുതല്‍ പേര് നഗരത്തില്‍ യാത്രക്കാരായി ഉണ്ടെന്നും അതോടെ വരുമാനം കൂടിയെന്നുമാണ് പറയുന്നത്. ഡീസല്‍ ബസ് ഓടിയപ്പോള്‍ 3000 ന് മുകളില്‍ മാത്രം ഉണ്ടായിരുന്ന യാത്രക്കാര്‍ ഇപ്പോള്‍ 80,000 ആയെന്നാണ് പറയുന്നത്.

അതേ സമയം സ്വകാര്യ ബസുകളുടെ ആവശ്യപ്രകാരമാണ് മന്ത്രി പ്രതികരിച്ചതെന്ന പറയുന്നവരുമുണ്ട്. പത്ത് രൂപയ്ക്ക് നഗരത്തില്‍ ബസോടിക്കുമ്പോള്‍ സ്വാഭാവികമായും ഇതേ റൂട്ടിലെ സ്വകാര്യ ബസില്‍ ആള് കയറില്ല. എന്നാല്‍ ഈ വാചകമടിയല്ലാതെ മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളം ബജറ്റില്‍ ബസ് വാങ്ങാന്‍ പണം വകയിരുത്തുന്നില്ലെന്ന് കെ.എസ്. ആര്.ടി സിയിലെ യൂണിയന് കാരും ആരോപിക്കുന്നു. പ്ലാന്‍ ഫണ്ട് വകമാറ്റിയാണ് ബസ് വാങ്ങുന്നതെന്നും കെ.എസ്.ആര്.ടി. സി എംപ്ളോയിസ് സംഘ് ആരോപിക്കുന്നു. ഏതായാലും ഒരു കാര്യം ഏതാണ്ട് ഉറപ്പാണ്. മന്ത്രിയായി തുടരണമെങ്കില്‍ ഗണേഷിന് പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരും. അല്ലെങ്കില്‍ പുറത്തുപോവേണ്ടി വരും. വരുംനാളുകളില്‍ എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.