മുസ്ലിം ജനസംഖ്യ കൂടുന്നതെങ്ങനെ? വിമര്‍ശകരുടെ വായടപ്പിച്ച് നിര്‍മല

1 min read

ലോകത്തില്‍ ഏറ്റവും അധികം മുസ്ലിങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ കൂടുന്നേയുള്ളൂ. സര്‍ക്കാരിനെ കൊണ്ട് മുസ്ലിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍, ഈ ആരോപിക്കുന്നത് ശരിയാണെങ്കില്‍, ഇവരൊക്കെ എഴുതിപ്പിടിപ്പിക്കുന്നതുപോലെ അവരുടെ ജീവിതം ദുസ്സഹമാണെങ്കില്‍ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 1947നേക്കാള്‍ കൂടുമോ? ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ചോദിച്ചു. അമേരിക്കയിലെ വാഷിംഗടണില്‍ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ ഉയര്‍ത്തെഴുന്നേല്‍പ് എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.

ഇന്ത്യയിലെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്ന തെറ്റായ പാശ്ചാത്യ പ്രചാരണത്തെക്കുറിച്ച് സൂചിപ്പിക്കവേ ഒരിക്കല്‍ പോലും ഇന്ത്യയിലേക്ക് വരാതെ ഇന്ത്യക്കെതിരെ പ്രചരിപ്പിക്കുന്നവരുടെ വലയില്‍ വീഴാതെ ഇന്ത്യയിലേക്ക് വരാനും കാര്യങ്ങള്‍ നോക്കിക്കാണാനും അവര്‍ ആവശ്യപ്പെട്ടു. നുണകള്‍ക്കുള്ള മറുപടി ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപകര്‍ തന്നെയാണ്. പി.ഐ.ഐ.ഇ പ്രസിഡന്റ ആദം എസ്‌പോസെണ്‍ ആയിരുന്നു ഇത് സംബന്ധിച്ച സംശയം ഉന്നയിച്ചത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് പറഞ്ഞ നിര്‍മല പാക്കിസ്ഥാനിലെ ഹിന്ദുന്യൂനപക്ഷത്തിന്റെ സ്ഥിതിയും എണ്ണവും ചൂണ്ടിക്കാട്ടി. ചെറിയ കുറ്റങ്ങള്‍ക്ക് പോലും ന്യൂനപക്ഷവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വധശിക്ഷ നല്‍കുന്നു. മതാചാരങ്ങളെ വിമര്‍ശിക്കുന്നതിനെതിരായ നിയമം വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുന്നു. ശരിയായ അന്വേഷണവും വിചാരണയും ഇല്ലാതെ നിരപരാധികളെ കുറ്റമാരോപിച്ച് ശിക്ഷിക്കുന്നു.

പാക്കിസ്ഥാന്‍ രൂപവത്കരിക്കപ്പെട്ടത് ഇന്ത്യാ വിഭജനത്തോടെയാണ്. അവര്‍ ഇസ്ലാമിക രാജ്യമായി മാറപ്പെട്ടു. എന്നാല്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്നാണവര്‍ പറഞ്ഞത്. എന്നാല്‍ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചില മുസ്ലിം വിഭാഗക്കാരെയും ഇല്ലാതാക്കാന്‍ നോക്കുന്നുണ്ട്. പാക്കിസ്ഥാനിലെ മുസ്ലിങ്ങളെക്കാള്‍ നല്ല രീതിയിലാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ കഴിയുന്നത്.

പാക്കിസ്ഥാനില്‍ മുഹാജിര്‍, ഷിയ തുടങ്ങിയവര്‍ക്കെതിരെ വിവേചനം ഉണ്ട്. അവര്‍ക്കെതിരെ അക്രമം നടക്കുന്നു. ഇന്ത്യയിലാകട്ടെ എല്ലാ വിഭാഗം മുസ്ലിങ്ങളും ബിസിനസ്സ് ചെയ്യുന്നു, അവരുടെ മക്കള്‍ വിദ്യാഭ്യാസം നേടുന്നു, സര്‍ക്കാര്‍ ഫെല്ലോഷിപ്പ് അവര്‍ക്ക് ലഭിക്കുന്നു.

മുസ്ലിങ്ങള്‍ക്കെതിരെ അക്രമമെന്നത് തെറ്റായ ആരോപണമാണ്. 2014ന് ശേഷം ജനസംഖ്യ കുറഞ്ഞോ. ഏതെങ്കിലും സമൂഹത്തില്‍ അനുപാതത്തിലധികം മരണമുണ്ടോ. ഇന്ത്യാ വിരുദ്ധ റിപ്പോര്‍ട്ടുകളെഴുതുന്നതവരോട് ഇവിടെ വരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാനവര്‍ക്ക് ആതിഥ്യം അരുളാം. എന്നിട്ട് നിങ്ങള്‍ എഴുതുന്നത് ശരിയാണെന്ന് തെളിയിക്കൂ.

കൊവിഡിന് ശേഷമുള്ള ഇന്ത്യന്‍ വ്യവസായത്തിന്റെ വളര്‍ച്ചയെക്കുറിച്ച് സൂചിപ്പിക്കവേ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇന്ത്യയിലെ ജനത ഉണര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് അവര്‍ പറഞ്ഞു.

ലോക വ്യാപാര സംഘടന എല്ലാ രാജ്യങ്ങളും പറയുന്നത് ഉള്‍ക്കൊള്ളണം. ലോക വ്യാപാര സംഘടന കുറച്ചുകൂടി പുരോഗമനാത്മകമാകണം. കുറച്ചു വ്യത്യസ്തമായി പറയുന്ന രാജ്യങ്ങളെയും കേള്‍ക്കണം. കേട്ടാല്‍ മാത്രം പോരാ അത് അംഗീകരിക്കണമെന്നും നിര്‍മല ആവശ്യപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.