വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മകനും പൊള്ളലേറ്റു
1 min readകോട്ടയം : മണിമലയില്‍ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് സെല്‍വരാജും (76) മുകള്‍നിലയില്‍ നിന്ന് ചാടിയ മകന്‍ വിനീഷും (30) പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. രാജവും ഭര്‍ത്താവും വീടിന്റെ താഴത്തെ നിലയിലാണ് കിടന്നിരുന്നത്. മുകള്‍ നിലയിലുണ്ടായിരുന്ന ഭാര്യയെയും രണ്ട് മക്കളെയും രക്ഷപ്പെടുത്തിയ ശേഷമാണ് വിനീഷ് ചാടിയത്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
പുലര്‍ച്ചെ 12 മണിക്ക് ശേഷമായിരുന്നു തീപിടുത്തം. ഇടുങ്ങിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്സിന് സ്ഥലത്തൊന്‍ കഴിഞ്ഞില്ല. ഇത് രക്ഷാപ്രവര്‍ത്തനം വൈകാനിടയാക്കി. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയ്ക്ക് വീട്ടിലെത്താന്‍ ഒരു കിലോമീറ്റര്‍ നടക്കേണ്ടി വന്നു. കിണറ്റില്‍ നിന്ന് വെള്ളം കോരിയാണ് നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചത്. മണിമല ഹോളി മാഗി ഫൊറോ പള്ളിക്ക് സമീപമാണ് അഗ്നിബാധയുണ്ടായ വീട്.