47 പവന്‍ സ്വര്‍ണ്ണം, നോട്ട് കെട്ടുകള്‍, ഹോങ്കോങ് ഡോളര്‍, വെള്ളി ആഭരണങ്ങള്‍, വാച്ചുകള്‍, പുരാവസ്തുക്കള്‍; കള്ളന്റെ വീടു പരിശോധിച്ച പോലീസ് ഞെട്ടി
1 min readതിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിലായി. വഞ്ചിയൂര്‍ സ്വദേശി ജയകുമാറാണ് സിറ്റി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം നഗരത്തില്‍ വീട് കുത്തിതുറന്ന് 47 പവന്‍ കവര്‍ന്നത് ഇയാളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വന്‍കിട കവര്‍ച്ചാ കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ അനില്‍കുമാര്‍ എന്ന ജയകുമാര്‍.
കഴിഞ്ഞ 18ന് കാവില്‍കടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെളളി ആഭരണങ്ങളും ഇയാള്‍ മോഷ്ടിച്ചിരുന്നു. 22 ന് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയില്‍ വീട് കുത്തിതുറന്ന് 47 പവന്‍ കവര്‍ന്നു. ഇതിന് ശേഷം വിളപ്പില്‍ശാലയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ജയകുമാര്‍.
ഇയാളുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ ഇയാളുടെ വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും മോഷണ മുതലുകളായ മാലകള്‍ ഉള്‍പ്പെടെ 47 പവന്‍ സ്വര്‍ണ്ണം, 500 രൂപയുടെ 3 കെട്ട് നോട്ടുകള്‍, 500 ന്റെ 12 ഹോങ്കോങ് ഡോളര്‍, വെള്ളി ആഭരണങ്ങള്‍, വാച്ചുകള്‍, പുരാവസ്തു സാധനങ്ങള്‍ എന്നിവ കണ്ടെത്തി. സ്റ്റെയറിനടിയില്‍ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ മുതലുകള്‍.