നിയമസഭാംഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്‌റ്റേ നീട്ടില്ല – എ.രാജയുടെ ആവശ്യം തള്ളി ഹൈക്കോടതി
1 min readഎ.രാജ വീണ്ടും എംഎൽഎ അല്ലാതായി.
കൊച്ചി : ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്‌റ്റേ നീട്ടി നൽകണമെന്ന എ.രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർനടപടികൾ 20 ദിവസത്തേക്കു കൂടി സ്‌റ്റേ ചെയ്യണമെന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത്. അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ 10 ദിവസത്തെ സ്‌റ്റേ അനുവദിച്ചിരുന്നു. ഇത് ദീർഘിപ്പിക്കണമെന്നായിരുന്നു രാജയുടെ ആവശ്യം. എന്നാൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത് പരിഗണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ഇതോടെ സാങ്കേതികമായി എ.രാജ വീണ്ടും എംഎൽഎ അല്ലാതായി. സുപ്രീംകോടതിയിൽ നിന്നും അനുകൂല ഉത്തരവ് വന്നില്ലെങ്കിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനും കഴിയില്ല. സുപ്രീംകോടതിയിൽ എ.രാജ അപ്പീൽ ഫയൽ ചെയ്‌തെങ്കിലും ഇതുവരെ പരിഗണനയ്ക്കു വന്നിട്ടില്ല. അപ്പീൽ ഹർജിയിലെ പിശകുകളാണ് ഇതിനു കാരണമെന്നാണ് വിവരം. ജനന, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ പ്രകാരം താൻ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായാംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
പട്ടികജാതി സംവരണ മണ്ഡലമായ ദേവീകുളം മണ്ഡലത്തിൽ എ.രാജ മത്സരിച്ചത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡി.കുമാറിന്റെ ഹർജി അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. രാജ ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന ആളാെണന്ന് കോടതി കണ്ടെത്തിയിരുന്നു.