ഹൃദയം കീഴടക്കി; മോദി കേരളത്തില്‍ മത്സരിക്കുമോ
1 min readകേരളം പിടിച്ചെടുക്കാന്‍ മോദി തന്നെ നേരിട്ടിറങ്ങുമോ?
പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുമോ? ഇത് ബി.ജെ.പി അണികളുടെ മാത്രം സംശയമല്ല, പൊതുജനത്തിന്റെ ഉദ്വേഗമാണ്. അതോടൊപ്പം ഇടതുവലതു മുന്നണികളുടെ ആശങ്കയും.
മോദി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ മുമ്പും ഉണ്ടായിരുന്നു. അതായത് 2019ല്‍ എന്നാല്‍ ഇത്തവണ അത് ശക്തമായിരിക്കുകയാണ്. കൊച്ചിയിലെ ‘യുവം’ പരിപാടിയില്‍ അദ്ദേഹം കേരളത്തിലെ യുവാക്കളോട് ഇങ്ങനെയാണ് പറഞ്ഞത്. ‘നിങ്ങള്‍ മുന്നിട്ടിറങ്ങൂ. എല്ലാ പിന്തുണയുമായി ഞാനുണ്ടാകും.’ എന്നാല്‍ അതിന് വിപരീതമായി, തിരഞ്ഞടുപ്പ് കളരിയില്‍ ഞാന്‍ മുമ്പിലുണ്ടാകും എന്ന സൂചനയാണോ വരുന്നത്. ആണെങ്കില്‍ അത് ശക്തമാവുകയുമാണ്.
കേരളം പിടിക്കല്‍ നേരത്തെ തന്നെ ബി.ജെ.പിയുടെ അജണ്ടയിലുണ്ടെങ്കിലും ഇപ്പോഴതിന് സമയമായിട്ടില്ല എന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. അതിന് കളമൊരുക്കുകയായിരുന്നു നേതൃത്വം. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും കഴിഞ്ഞ് തങ്ങളുടെ സമീപകാല അജന്‍ഡയില്‍ കേരളവുമുണ്ടെന്ന് ബി.ജെപി വ്യക്തമാക്കി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അതിന്റെ സൂചനകള്‍ നല്‍കിയതോടെയാണ് യു.ഡി.എഫിലും എല്‍.ഡി.എഫിലും അമ്പരപ്പ് തുടങ്ങിയത്. അവരത് പ്രകടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ട് റോഡ് ഷോകള്‍, കൊട്ടിഘോഷിച്ച വന്ദേഭാരത് പ്രഖ്യാപനം, അതിന് ജനങ്ങളില്‍ നിന്ന ലഭിച്ച വമ്പിച്ച വരവേല്‍പ്പ് ഇതൊക്കെ നല്ലലക്ഷണങ്ങളും നീക്കങ്ങളായി ബി.ജെ.പി നേതൃത്വും ബി.ജെ.പിയെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരും മനസ്സിലാക്കുന്നത്.
ബി.ജെ.പിക്ക് കേരളം എന്നും ബാലികേറാമലയായത് കേരളത്തിന്റെ ജനസംഖ്യാപരമായ അവസ്ഥയായിരുന്നു. ഇതുവരെ കേരളത്തില്‍ ബി.ജെ.പിയെ സഹായിച്ചിരുന്ന ഹിന്ദുവിഭാഗം ജനസംഖ്യയുടെ പകുതിയോളം മാത്രം. ന്യൂനപക്ഷങ്ങളാണെങ്കില്‍ അതിനേക്കാള്‍ ശക്തം. ഇതായിരുന്നു കേരളത്തിന്റെ ഡിമോഗ്രഫി. എന്നാല്‍ ഇടതുവലതു മുന്നണികള്‍ മുസ്ലിം ന്യൂനപക്ഷത്തെ അനാവശ്യമായി ആശ്രയിക്കുകയാണെന്നും തങ്ങളെ അവഗണിക്കുകയാണെന്നും കൃസ്ത്യന്‍ വിഭാഗങ്ങളില്‍ ആശങ്ക പടര്‍ന്നു. ആഗോള തലത്തില്‍ പലയിടങ്ങളിലും ഇസ്ലാമിക കടന്നുകയറ്റം ക്രിസ്ത്യാനികള്‍ക്കിടയില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സംവരണം ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമായ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്ന നിലപാടാണ് ഒന്ന് . ലൗജിഹാദ് പോലുള്ള കടന്നുകയറ്റത്തെ മുസ്ലിം സംഘടനകള്‍ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല രഹസ്യമായി പിന്തുണയ്ക്കുന്നോ എന്ന സംശയവും അവര്‍്ക്കുണ്ട്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ
ഏറ്റവും അധികം വേദനിപ്പിച്ചത് തുര്‍ക്കിയിലെ (പഴയ കോണ്‍സ്റ്റാന്റിനോപ്പിള്‍) നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹാഗിയ സോഫിയ പള്ളി തീവ്ര മുസ്ലിം നിലപാടുള്ള എര്‍ദോഗന്‍ ഭരണ കൂടം മുസ്ലീം പള്ളിയാക്കി മാറ്റിയതാണ്. കേരളത്തിലെ മുസ്ലിംലീഗ് നേതാക്കള്‍ പ്രത്യേകിച്ച് പാണക്കാട് തങ്ങള്‍ അതിനെ അനുകൂലിച്ച് ലേഖനവുമെഴുതിയതോടെ അത് ക്രിസ്ത്യാനികളുടെ മുറിവ് ആഴത്തിലുള്ളതാക്കി.
ക്രിസ്ത്യന്‍ സമൂഹമാകട്ടെ ബി.ജെ.പിയോട് ഇപ്പോള്‍ ശത്രുത പുലര്‍ത്തുന്നില്ല. പകരം മോദിയുടെ വികസന നയങ്ങളെ അവരംഗീകരിക്കുകയും ചെയ്യുന്നു. ഇത് കേരളത്തിലെ രാഷ്ട്രീയ ഭൂമികയില്‍ വന്ന മാറ്റമാണ്. കൊച്ചിയിലെ ‘യുവം’ പരിപാടിക്ക് ക്രിസ്ത്യന്‍ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണുണ്ടായിരുന്നത്. വന്ദേഭാരത് ട്രെയിന്‍ ആകട്ടെ കേരളീയരുടെ മനസ്സിനെ കീഴടക്കുക തന്നെ ചെയ്തു. അതുകൊണ്ടാണ് രണ്ട് തവണ വന്ദേഭാരത് ട്രെയിനുകള്‍ ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ വന്ദേഭാരതിനെ തള്ളിപ്പറഞ്ഞ സി.പി.എം നേതാക്കള്‍ ഒടുവില്‍ കണ്ണൂരില്‍ അതിനെ സ്വീകരിക്കാനെത്തിയത്.
ഇത് പൊതുസമൂഹത്തിന്റെ നിലപാടാണ്. ക്രിസ്ത്യന്‍ മത ന്യൂനപക്ഷമാകട്ടെ ബി.ജെ.പിയുടെ കൂടെ നില്‍ക്കാന്‍ താലപര്യം കാണിക്കുന്നുണ്ട്. ഇതാണ് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത്. ക്രിസ്ത്യാനികള്‍ക്ക് ബി.ജെപിയോട് മമതയുണ്ടെങ്കിലും അത് വോട്ടായി മാറാന്‍ ബുദ്ധിമുട്ടാണെന്നാണ് ഇരുമുന്നണികളും ആശ്വസിക്കുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിക്ക് പുറമേ കേരളത്തില്‍ കൂടി മോദിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ സ്ഥിതിഗതികള്‍ ആകെ മറിയും.
ഒരു കെണിയാണ് ബി.ജെ.പി ഒരുക്കാന്‍ പോകുന്നതെന്ന് ഇരുമുന്നണികള്‍ക്കും അറിയാം. വാരണാസിക്കൊപ്പം കേരളത്തിലും മത്സരിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ അത് മാറ്റിമറിക്കും. മോദിയെ കേരളത്തില്‍ പരാജയപ്പെടുത്തുകയായിരിക്കും ഇരുമുന്നണികളുടെയും ലക്ഷ്യം. അതിനായി ഒരു പൊതുസ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറാവേണ്ടിവരും. അതും ബി.ജെ.പിക്കനുകൂലമാവും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുമുണണികളുടെയും വിശ്വാസ്യതയെ അത് ബാധിക്കും. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനെ പിന്തുണച്ചാല്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പോടെ വാഷ് ഔട്ട് ആയിപ്പോകും. പ്രത്യേകിച്ച് കോണ്‍ഗ്രസ് ഇടതുസ്വതന്ത്രനെ പിന്തുണച്ചാല്‍ അവര്‍ക്ക് മറ്റ് 19 മണ്ഡലങ്ങളിലും അത് കനത്ത ക്ഷീണമാകും അതുണ്ടാക്കുക. .തിരുവനന്തപുരം സി.പി.ഐയുടെ സിറ്റിംഗ് സീറ്റാണ്. സി.പി.എമ്മിനും അത് ക്ഷീണമുണ്ടാക്കും. കേരള രാഷ്ട്രീയത്തില്‍ അത് പുതിയ ധ്രുവീകരണത്തിന് വഴി തെളിക്കും. അങ്ങനെ വന്നാല്‍ ലീഗ് ഇടതുപാളയത്തിലേക്ക് പോവുകയും ഇടതുപക്ഷവും ബി.ജെ.പി സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വഴിയൊരുക്കുകയും ചെയ്യും.
കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രതിപക്ഷ റോള്‍ അതോടെ ബി.ജെ.പി ഏറ്റെടുക്കും. ഇനി പൊതുസ്ഥാനാര്‍ഥിയില്ലാതെ ഇരുവരും മോദിക്കെതിരെ മത്സരിച്ചാല്‍ മോദിയെ തോല്പിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച തിരുവനനതപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍. കേരളത്തിലെ ഏത് മണ്ഡലത്തിലായാലും രണ്ടു ലക്ഷം അധിക വോട്ടെങ്കിലും മോദിക്ക് പിടിക്കാന്‍ കഴിയും.
മോദിയുടെ കേരളത്തിലെ സാന്നിദ്ധ്യം കേരളത്തിലെ മറ്റ് മണ്ഡലങ്ങളില്‍ മാത്രമല്ല, ദക്ഷിണേന്ത്യയിലും അതിന്റെ പ്രഭാവമുണ്ടാക്കും.
മോദി മത്സരിക്കുന്നുണ്ടെങ്കില്‍ അതിന് കൂടുതല്‍ സാദ്ധ്യത തിരുവന്തപുരത്ത് തന്നെയാണ്. കാരണം ഇപ്പോള്‍ തന്നെ ബി.ജെ.പിക്ക് തിരുവനന്തപുരത്ത് 3.16 ലക്ഷം ലക്ഷം വോട്ടുണ്ട്. ബി.ജെ.പി നേതാക്കളായ ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ ഇവിടെ നല്ല വോട്ട് നേടിയതാണ്. അത്
ആറിലെത്തിക്കാന്‍ മോദിക്ക് നിഷ്പ്രയാസം കഴിയും. ഇനി പ്രതിപക്ഷം ഒരുമിച്ച് മത്സരിക്കാന്‍ നില്‍ക്കുകയാണെങ്കില്‍ ബി.ജെ.പി വോട്ട്
അതിലും കൂടും.
അതുപോലെ ബി.ജെ.പിക്ക് ഗണ്യമായ സ്വാധീനമുള്ള തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളിലും മോദി മത്സരിച്ചാല്‍ വിജയിക്കാന്‍ കഴിയും.
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്ക മത്സരിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. മോദിയുടെ വരവോടെ കേരളത്തില്‍ കോണ്‍ഗ്രസിന് കിട്ടുന്ന മേധാവിത്തവും തകര്‍ക്കാന്‍ അതിന് കഴിയും. അതേ സമയം പ്രതിപക്ഷത്തിന്റെ ഭിന്നതയാണ് ബി.ജെ.പിയുടെ തുറുപ്പ് ചീട്ട്. മോദി കേരളത്തില്‍ മത്സരിച്ചാല്‍ അത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുമോ എന്ന സൂചനയുമുണ്ട്. അത് കൂടി പരിഗണിച്ചാവും മോദിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുക.