ഗവര്‍ണറുടെ സഞ്ചാര പാത ചോര്‍ത്തിക്കൊടുത്തവരുടെ തൊപ്പി തെറിക്കും
1 min read
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിക്കുന്ന റൂട്ട് ചോര്‍ത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങും. വയര്‍ലെസ് സന്ദേശം ഒഴിവാക്കി ഉദ്യോഗസ്ഥരുടെ ഫോണ്‍ വഴി കൈമാറിയ റൂട്ട് വിവരം പ്രതിഷേധക്കാരിലെത്തിയത് പോലീസില്‍ നിന്നുതന്നെയെന്നാണ് ആരോപണം. സംഘര്‍ഷമുള്ളപ്പോള്‍ ചെയ്യുന്നതുപോലെ രണ്ട് റൂട്ടുകള്‍ തീരുമാനിക്കുകയും അവസാനം ഒന്ന് ഉറപ്പിക്കുകയുമായിരുന്നു. ഈ റൂട്ടാണ് എസ്എഫ്‌ഐക്ക് ഉദ്യോഗസ്ഥര്‍ ചോര്‍ത്തിക്കൊടുത്തത്. രണ്ടാം വഴിയിലുടനീളം പോലീസുകാരെ നിയോഗിച്ചിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ കൃത്യമായി ആദ്യ വഴിയില്‍ത്തന്നെ സംഘടിച്ചത് വിവരം നേരത്തേ ലഭിച്ചതുകൊണ്ടാണ്. ദേശീയതലത്തില്‍ സംഭവം വാര്‍ത്തയായതും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പ്രതികരണം നടത്തിയതും സര്‍ക്കാരിനു ക്ഷീണമായി. ഇന്നലെ സിറ്റി പോലീസ് കമ്മിഷണര്‍ വിളിച്ച യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടന്നിട്ടുണ്ട്. പോലീസ് ഓഫീസര്‍മാരുടെ സംഘടനയുടെ ഒരു ജില്ലാ നേതാവിനും നഗരത്തിലെ ഒരു പോലീസ് സ്റ്റേഷനിലെ എസ്.ഐ.യ്ക്കും പങ്കുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.