ചിന്തയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി ഗൈഡ്: പ്രബന്ധത്തില്‍ അപാകതയില്ല; വാഴക്കുല നോട്ടപ്പിശക് മാത്രം
1 min readതിരുവനന്തപുരം : യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ വീഴ്ചകള്‍ ഇല്ലെന്ന് ചിന്തയുടെ ഗൈഡും കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറുമായിരുന്ന ഡോ.പി.പി.അജയകുമാര്‍. വാഴക്കുലയുടെ രചയിതാവ് ചങ്ങമ്പുഴ എന്നതിനു പകരം വൈലോപ്പിളളി എന്നെഴുതിയത് നോട്ടപ്പിശകു മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സര്‍വകലാശാല വിസിക്കു സമര്‍പ്പിച്ച വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പിഎച്ച്ഡി ബിരുദം നേടുന്നതിനായി കേരള സര്‍വകലാശാലയില്‍ ചിന്ത സമര്‍പ്പിച്ച പ്രബന്ധം യുജിസി വ്യവസ്ഥ പ്രകാരം പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്നും പ്രബന്ധം പൂര്‍ണമായും ഗവേഷകയുടെ കണ്ടെത്തലുകളാണെന്നും ഗൈഡ് വിശദീകരിക്കുന്നു. മറ്റു പ്രസിദ്ധീകരണങ്ങളുമായി പ്രബന്ധത്തിനുള്ള സമാനത 10 ശതമാനത്തില്‍ താഴെ മാത്രമാണ്. പിശകു തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം തന്നെ ഗൈഡും ആവര്‍ത്തിക്കുന്നുണ്ട്.
പ്രബന്ധം പല ലേഖനങ്ങളില്‍ നിന്നും കോപ്പിയടിച്ചതാണെന്നും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും കേരള സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ച് മറുപടി നല്‍കാന്‍ ഗവര്‍ണര്‍ കേരള വിസിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഗൈഡിന്റെ വിശദീകരണം ലഭ്യമായിരിക്കുന്നത്.
ചിന്തയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകളും പ്രബന്ധത്തിന്റെ ഒറിജിനല്‍ പതിപ്പും മൂല്യനിര്‍ണയം നടത്തിയ തമിഴ്‌നാട്ടിലെയും ബനാറസിലെയും യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരുടെ റിപ്പോര്‍ട്ടുകളും ഓപ്പണ്‍ ഡിഫന്‍സ് രേഖകളും വിസി ആവശ്യപ്പെട്ടതനുസരിച്ച് കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചിന്തയുടെ പ്രബന്ധം ഒരു വിദഗ്ദ്ധ സമിതിയെക്കൊണ്ട് നേരിട്ട് പരിശോധിപ്പിക്കണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി കേരള വിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.