കെടിയു വിസി : മൂന്ന് പേരുകൾ നിർദ്ദേശിച്ച് സർക്കാർ
1 min readതിരുവനന്തപുരം :കേരള സാങ്കേതിക സർവകലാശാല വിസിയെ നിയമിക്കുന്നതിനായി മൂന്ന്‌പേരുൾപ്പെട്ട പാനൽ സംസ്ഥാന സർക്കാർ ഗവർണർക്കു നൽകി. താത്കാലിക വിസി സിസ തോമസിനു പകരം പുതിയ നിയമനം നടത്തുന്നതിനാണ് പാനൽ സമർപ്പിച്ചത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സർക്കാർ നടപടി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡറക്ടർ ഡോ.വൃന്ദ.വി.നായർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡറക്ടർ ഡോ.ബൈജു ഭായ്, രാജിവ്ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ.സതീഷ് കുമാർ എന്നിവരാണ് പാനലിൽ ഉള്ളത്. നിയമോപദേശത്തിനു ശേഷമായിരിക്കും ഗവർണർ തീരുമാനം എടുക്കുക.
മുൻപ് സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിനെ നിയമിച്ചത്. സർക്കാരിന്റെ നോമിനികൾക്ക് മതിയായ യോഗ്യതയില്ല എന്ന കാരണത്താലാണ് ഗവർണർ ആ പേരുകൾ തള്ളിയതും സിസ തോമസിനെ വിസിയായി നിയമിച്ചതും.
മുൻപ് യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്ന കാരണത്താൽ സർവകലാശാല വിസി നിയമനാധികാരം സർക്കാരിന് ഇല്ലാതാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമം മറി കടന്ന് ഗവർണർക്ക് വിസി നിയമനം നടത്താനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തു കൊണ്ടുള്ള സർക്കാരിന്റെ ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.