കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും സ്വർണവേട്ട: സ്വർണം കടത്താൻ ശ്രമിച്ചത് പാന്റിലും ഷർട്ടിലും പൂശിയും ചെരുപ്പിലും മലദ്വാരത്തിലും ഒളിപ്പിച്ചും
1 min readകോഴിക്കോട്/ കൊച്ചി: ഷർട്ടിലും പാന്റിലും സ്വർണം പൂശി കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. വടകര സ്വദേശിയായ മുഹമ്മദ് സഫ്വാനാണ് കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. ഏകദേശം ഒരുകോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിലായിരുന്നു സ്വർണം.
വിമാനത്താവളത്തിനുള്ളിലെ ഗ്രീൻ ചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച പാലക്കാട് സ്വദേശി മുഹമ്മദ് നെടുമ്പാശ്ശേരിയിൽ പിടിയിലായി. ദുബായിൽ നിന്നെത്തിയ ഇയാളിൽ നിന്ന് 85 ലക്ഷം രൂപ വില വരുന്ന 1871 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ചെരിപ്പ് കണ്ട് സംശയം തോന്നിയ കസ്റ്റംസ് ചെരുപ്പഴിച്ച് പരിശോധിക്കുകയായിരുന്നു. അതിനകത്ത് മിശ്രിതരൂപത്തിലാണ് സ്വർണം ഘടിപ്പിച്ചിരുന്നത്. കൂടുതൽ പരിശോധനയിൽ മലദ്വാരത്തിൽ നിന്ന് മൂന്ന് ക്യാപ്സൂളുകളും കണ്ടെത്തി.