അച്ഛന്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി
1 min readഅച്ഛനെ വാനോളം പുകഴ്തി ഗോകുല്‍ സുരേഷ്
മലയാളികള്‍ക്ക് സുപരിചിതമായ താര കുടുംബമാണ് ഇപ്പോള്‍ സുരേഷ് ഗോപിയുടേത്. താരത്തിന്റെ മകള്‍ ഭാഗ്യയുടെ വിവാഹം ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞു കവിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരിക്കും വിവാഹം. മോദിയുടെ വരവോടെ താരപുത്രിയുടെ വിവാഹം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു കൂടി വേദിയായി മാറിയിട്ടുണ്ട്.
ഇപ്പോള്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് തന്റെ അച്ഛനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. അച്ഛന്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണെന്നാണ് ഗോകുല്‍ പറയുന്നത്. സഹോദരിയുടെ വിവാഹ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് ഗോകുല്‍ അച്ഛനെക്കുറിച്ച് സംസാരിച്ചത്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ശ്രദ്ധിക്കാതെയിരുന്നുവെന്ന ആരോപണത്തെക്കുറിച്ചും ഗോകുല്‍ സംസാരിക്കുന്നുണ്ട്.
”അച്ഛന്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ്. ഏറ്റവും അടുത്ത് നടന്ന ഒരു സംഭവം പറയുകയാണെങ്കില്‍ പ്രധാനമന്ത്രി തൃശൂരില്‍ വന്ന ചടങ്ങില്‍ അച്ഛന്‍ അദ്ദേഹം പറയുന്നതു ശ്രദ്ധിക്കാതെ കുനിഞ്ഞിരിക്കുന്നു എന്നൊരു ആരോപണം ഉയര്‍ന്നു. പക്ഷേ അച്ഛന്‍ ആ സമയത്ത് ചെയ്തുകൊണ്ടിരുന്നത്, പ്രധാനമന്ത്രി കല്യാണത്തിന് അമ്പലത്തില്‍ വരുമ്പോള്‍ അങ്ങോട്ടേക്കു പോകാനുള്ള വഴി പേപ്പറില്‍ വരച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു”
റോഡ് ഇതാണെന്നും അമ്പലത്തിന്റെ പൊസിഷന്‍ ഇതാണെന്നും ഒക്കെയാണ് അച്ഛന്‍ അവിടെയിരുന്നു വരച്ചുകൊണ്ടിരുന്നത്. അത് അവര്‍ക്കു കൊടുക്കാന്‍ വേണ്ടിയാണ്. എന്തും വിവാദമാക്കാന്‍ നടക്കുന്നവര്‍ അതിലും കുറ്റം കണ്ടെത്തി. ഷൂട്ടിങ്ങിന് ഇടയില്‍ പോലും കല്യാണത്തിന് ആളുകള്‍ വരുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു അച്ഛന്‍. കല്യാണക്കുറിയില്‍ സ്വന്തം കൈപ്പടയില്‍ പേര് എഴുതുന്നതില്‍ പോലും അച്ഛന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഗോകുല്‍ പറയുന്നു.
അച്ഛന്‍ ഒരു വലിയ വ്യക്തിയാണ്. അതേസമയം, ഒരു പെണ്‍കുട്ടിയുടെ പിതാവ് അവളുടെ വിവാഹദിവസം ഏറ്റെടുക്കുന്ന ചുമതലകളൊന്നും ഞങ്ങള്‍ അച്ഛന് കൊടുക്കില്ലെന്നും ഗോകുല്‍ പറയുന്നു. അന്ന് അച്ഛനെ ഫ്രീ ആക്കി വിട്ട് എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്യും. അച്ഛന്‍ അവിടെ വന്നു നിന്നാല്‍ മാത്രം മതിയെന്നാണ് താരപുത്രന്‍ പറയുന്നത്.
കൂടെ തന്റെ വിവാഹം എന്നാണെന്ന് ചോദ്യത്തിനും അഭിമുഖത്തില്‍ ഗോകുല്‍ മറുപടി പറയുന്നുണ്ട്. ആദ്യം ഈ കല്യാണത്തിന്റെ തിരക്കുകള്‍ ഇറക്കി വച്ചിട്ട് കുറച്ചുനാള്‍ സമാധാനമായിട്ട് ഇരിക്കണമെന്നായിരുന്നു ഗോകുലിന്റെ പ്രതികരണം. എനിക്ക് ഒരു അനുജത്തി കൂടി ഉണ്ട്. അവളുടെയും കാര്യം നോക്കണം. സിനിമയില്‍ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. അതെല്ലാം വിജയകരമായി ചെയ്തു കഴിയുമ്പോള്‍ അതെല്ലാം ആസ്വദിക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടി വരാന്‍ ഭാഗ്യമുണ്ടാകട്ടെ എന്നാണ് വിവാഹത്തെക്കുറിച്ച് ഗോകുല്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെക്കുറിച്ച് ഗോകുല്‍ പറഞ്ഞതിങ്ങനെ. സമൂഹമാധ്യമങ്ങളില്‍ വരുന്ന തലക്കെട്ടുകള്‍ കണ്ടിട്ട് തെറ്റിദ്ധരിച്ച് കമന്റുകള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രബുദ്ധരായ മലയാളി സുഹൃത്തുക്കള്‍ ഒരു കാര്യം കേള്‍ക്കുമ്പോള്‍ അതിന്റെ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കി വേണം പ്രതികരിക്കേണ്ടത്. ഞങ്ങളെ തെറി പറയിച്ചേ അടങ്ങൂ എന്ന രീതിയിലാണ് ചില മീഡിയകള്‍ തലക്കെട്ടുകള്‍ ഇടുന്നത്. അങ്ങനെ വിവരക്കേട് കാണിക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നും ഗോകുല്‍ പറയുന്നു