നെതര്‍ലന്‍ഡ്‌സില്‍ വെച്ച് മുഖ്യമന്ത്രിയെ കണ്ടു: സോണ്‍ട കമ്പനിയില്‍ നിക്ഷേപിച്ച 5 മില്യണ്‍ യൂറോ നഷ്ടമായെന്ന് ആരോപിച്ച് ജര്‍മ്മന്‍ നിക്ഷേപകന്‍
1 min read
ന്യൂഡല്‍ഹി : ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തിന്റെ പേരില്‍ വിവാദത്തിലായ സോണ്‍ട ഇന്‍ഫ്രാടെക് എന്ന കമ്പനിക്കെതിരെ തട്ടിപ്പ് ആരോപണം ആവര്‍ത്തിച്ച് ജര്‍മ്മന്‍ നിക്ഷേപകന്‍ പാട്രിക് ബൗവര്‍. നെതര്‍ലന്‍ഡ്‌സില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. തന്റെ ജര്‍മ്മന്‍ കമ്പനിയുടെ മാലിന്യസംസ്‌കരണ രീതികളെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് ഇന്ത്യന്‍ എംബസി ആയിരുന്നു.
രാജ്കുമാര്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള സോണ്‍ട കമ്പനിയില്‍ നിക്ഷേപിച്ചത് അഞ്ച് മില്യന്‍ യൂറോ ആണ്. ഇത് തിരികെ നല്‍കാമെന്ന വാഗ്ദാനം രാജ്കുമാര്‍ പാലിച്ചില്ലെന്നും പാട്രിക് ബൗവര്‍ ആവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാട്രിക് ബൗവര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കിയിരുന്നു. കേരളത്തിലെ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള ആളാണ് രാജ്കുമാര്‍ പിള്ള. അതിനാല്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാന്‍ നാലു വര്‍ഷമായി താന്‍ കഷ്ടപ്പെടുകയാണ്. പാട്രിക് പരാതിയില്‍ പറയുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്തിയ താന്‍ ചതിക്കപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാട്രിക് ബൗവര്‍ ആരോപിക്കുന്ന സോണ്‍ട കമ്പനി മേധാവി രാജ്കുമാര്‍ പിള്ള, സിപിഎം നേതാവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ മരുമകനാണ്. ബ്രഹ്മപുരം തീപിടുത്തത്തെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട കമ്പനിയാണ് സോണ്‍ട ഇന്‍ഫ്രാടെക്.