ഗഫൂര്‍ക്കാ ദോസ്ത് ചിരിയുടെ സുല്‍ത്താന്‍

1 min read

മാമുക്കോയയുടെ കഥാപാത്രങ്ങള്‍ ഓരോന്നും സിനിമ കണ്ടിറങ്ങുന്ന നമ്മോടൊപ്പം ഇറങ്ങി വരികയായിരുന്നു

കോഴിക്കോട്ടെ മുസ്ലിം ഭാഷയുടെ മനോഹാരിതയെ മലയാള സിനിമയില്‍ ജനകീയമാക്കിയ മാമുക്കോയ സിനിമ ഉപേക്ഷിച്ച് മടങ്ങുകയാണ്. തനതായ ഭാഷാശൈലിയും അഭിനയ മികവും നര്‍മ്മബോധവും മാമുക്കോയ എന്ന മഹാനടനെ അനശ്വരനാക്കുന്നു. തലമുറ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വീകാര്യനായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ ഭാഷാപ്രയോഗത്തിലൂടെ നാലു പതിറ്റാണ്ടോളം നമ്മെ പൊട്ടിച്ചിരിപ്പിച്ച വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഡയലോഗുകളും മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനില്‍ക്കും. ആ ഡയലോഗുകള്‍ ഓര്‍ക്കാത്ത ഒരു ദിവസം പോലും മലയാളിക്ക് ഉണ്ടാവില്ല. എത്രയെത്ര കഥാപാത്രങ്ങളാണ് നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും കടന്നുപോയത്.

1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമിയായിരുന്നു മാമുക്കോയയുടെ ആദ്യ സിനിമ. സ്‌നേഹമുള്ള സിംഹം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്‍മനസുള്ളവര്‍ക്ക് സമാധാനം എന്നീ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായിത്തുടങ്ങി അദ്ദേഹം. സിബി മലയലിന്റെ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ കൂടുതല്‍ ശ്രദ്ധേയനാകുന്നത്. ഇതിലെ അറബിക് മുന്‍ഷി ഹിറ്റായിത്തീര്‍ന്നു. തുടര്‍ന്ന് സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരസാന്നിദ്ധ്യവും ചിരിമരുന്നുമായി മാറി മാമുക്കോയ.

ഗഫൂര്‍ക്കാ ദോസ്ത് എന്ന് കേള്‍ക്കാത്ത മലയാളിയുണ്ടാവില്ല. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കയെ കണ്ടതു മുതല്‍ എല്ലാ മലയാളികളും ഗഫൂര്‍ക്കാ ദോസ്ത് ആണ്. റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയിലെ ഹംസക്കോയയെ നമുക്ക് മറക്കാനാകുമോ? ഹംസക്കോയയുടെ ‘ബാലസ്ണാ…’ എന്ന വിളി മറക്കുന്നതെങ്ങനെ? വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോഗ്രാഫറെയും ‘സ്‌മൈല്‍ പ്ലീസ്’ എന്ന രംഗവും എങ്ങനെ മറക്കും? ചന്ദ്രലേഖയിലെ പലിശക്കാരന്‍ മാമയും വെട്ടത്തിലെ രാമന്‍ കര്‍ത്തയും നമ്മെ ചിരിപ്പിച്ചതിനു കയ്യും കണക്കുമില്ലല്ലോ. ഒപ്പം എന്ന സിനിമയിലെ സെക്യൂരിറ്റിക്കാരന്‍, ഏതു മലയാളിയെയാണ് ചിരിപ്പിക്കാത്തത്.

സന്ദേശത്തിലെ എ.കെ.പൊതുവാള്‍, മഴവില്‍ക്കാവടിയിലെ കുഞ്ഞിക്കാദര്‍, വരവേല്‍പിലെ ക്ലീനര്‍ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ടയായ കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്തന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ നമ്പീശന്‍, കളിക്കളത്തിലെ പൊലീസുകാരന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ ചായക്കടക്കാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ജമാല്‍, കൗതുകവാര്‍ത്തയിലെ അഹമ്മദ്കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, ഉസ്താദ് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍.10ലെ ഹംസക്കുട്ടി, ആട് 2ലെ അബ്ദുള്ള, മരക്കാരിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ ഇവരൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. പ്രിയദര്‍ശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ ഹാസ്യത്തിന് മാറ്റുകൂട്ടി. മാമുക്കോയയുടെ കഥാപാത്രങ്ങള്‍ ഓരോന്നും സിനിമ കണ്ടിറങ്ങുന്ന നമ്മോടൊപ്പം ഇറങ്ങി വരികയായിരുന്നു.

കൗണ്ടറുകളടിക്കുന്നതില്‍ വിദഗ്ധനായിരുന്നു മാമുക്കോയ. ഡയലോഗുകളില്‍ പലതും സ്‌ക്രിപ്റ്റില്‍ ഉള്ളതല്ല, സ്വന്തം കൈയില്‍ നിന്നെടുക്കുന്നതാണ്. മാമുക്കോയയുടെ ഗുണ്ടകള്‍പോലും തിയേറ്ററില്‍ ചിരി നിറയ്ക്കുന്നതാണ് നാം കണ്ടത്. ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008ല്‍ മികച്ച ഹാസ്യനടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുമൊടുവിലഭിനയിച്ച സുലൈഖ മന്‍സില്‍ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

മാമുക്കോയ അഭിനയിച്ചതില്‍ ഭൂരിഭാഗവും ഹാസ്യ കഥാപാത്രങ്ങളായിരുന്നു. പക്ഷേ, കാരക്ടര്‍ റോളുകളും തനിക്ക് നന്നായി ഇണങ്ങുമെന്ന് പെരുമഴക്കാലത്തിലെ അബ്ദുവിലൂടെ അദ്ദേഹം തെളിയിച്ചു. ഈ കഥാപാത്രത്തിന് 2004ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. കോരപ്പന്‍ എ ഗ്രേറ്റ്, ഉരു എന്നീ ചിത്രങ്ങളിലൂടെ നായകനായും കഴിവ് തെളിയിച്ചു മാമുക്കോയ. പക്ഷേ, സ്വഭാവ നടന്‍ എന്ന രീതിയില്‍ മാമുക്കോയയുടെ കഴിവുകള്‍ ഉപയോഗിക്കുന്നതില്‍ മലയാള സിനിമ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്ന വസ്തുത പറയാതെ വയ്യ.

കോഴിക്കോടും സമീപ പ്രദേശങ്ങളുമായിരുന്നു മാമുക്കോയയുടെ ലോകം. അവിടെ നിന്ന് സിനിമയിലെത്തിയപ്പോള്‍ ആ ഭാഷയും അദ്ദേഹം കൂടെക്കൊണ്ടു പോയി. മാമുക്കോയയുടെ മഹര്‍ഷി പോലും സംസാരിച്ചിരുന്നത് കോഴിക്കോട്ടെ മുസ്ലിം ഭാഷയായിരുന്നു. എന്റെ ഗ്ലാമറല്ല, ഭാഷയും അഭിനയവുമാണ് എന്റെ ധൈര്യം എന്നാണ് മാമുക്കോയ പറഞ്ഞിരുന്നത്. താന്‍ സീരിയസായി ചെയ്യുന്ന കാര്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് കോമഡിയായി തോന്നുന്നു എന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഇതാണ് മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന മാമുക്കോയ സ്‌റ്റൈല്‍.

Related posts:

Leave a Reply

Your email address will not be published.