കൈതോലപ്പായയില്‍ 2.35 കോടി കൊണ്ടുപോയത് പിണറായിയും പി രാജീവും: ജി ശക്തിധരന്
1 min readഅതും പിണറായി വിജയന് : ഗള്‍ഫാര്‍ മുഹമ്മദലിയുടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും രാത്രി കവറുമായി ഇറങ്ങിയത് പാര്‍ട്ടി സെക്രട്ടറി
കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന് . പണം കടത്തിയതിനെ കുറിച്ച് സൂചനകള്‍ തന്നെ എന്നല്ലാതെ ശക്തിധരന് ഇതുവരെ പേര് വെളിപ്പെടുത്തിയിരുന്നില്ല. രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും ഇപ്പോള്‍ ശക്തിധരന് വ്യക്തമാക്കിയിരിക്കുന്നു. ഇത് തുറന്ന് എഴുതിയിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയില്‍ തന്നെ ആയിരിക്കുമായിരുന്നു. അതില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു.
കോവളത്തെ ഗള്‍ഫാര്‍ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകള്‍ക്കുള്ളില്‍ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റുമായി രാത്രി പതിനൊന്നുമണിയോടെ എകെജി സെന്ററിലെ മുഖ്യ കവാടത്തിന് മുന്നില്‍ കാറില്‍ ഇറങ്ങിയത് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് ആണെന്ന് എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാല്‍ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകള്‍ വീണ തായ്ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നുവെന്നും പുതിയ പോസ്റ്റില്‍ പറയുന്നു
യഥാര്‍ത്ഥ മാഫിയ രാജാവാണ് പിണറായി വിജയനെന്നും തന്റെ കമ്പ്യൂട്ടറില്‍ അതിന്റെ തെളിവുകള്‍ ഉണ്ടെന്നും ഒരു ന്യായാധിപന് പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഞാന്‍ ആ പോസ്റ്റില്‍ ലക്ഷ്യം വെച്ച തെല്ലാം സഫലമാക്കിയത് അതിലെ വായനക്കാരാണ് .ആരാണ് അനധികൃത പിരിവ് നടത്തിയതെന്ന് വിളിച്ചുപറഞ്ഞത് വായനക്കാര്‍ തന്നെയാണ്, അതിനപ്പുറം ഞാന്‍ എന്ത് ചെയ്യണമായിരുന്നു, രാത്രിയിലെന്നപോലെ ഉച്ചവെയിലിലും സത്യം കാണാതെ തപ്പിത്തടയുന്നവരെ ആര്‍ക്കും സഹായിക്കാനാകില്ല. അവരെ നയിക്കുന്നത് എം വി ഗോവിന്ദന്മാരാണ് .അവര്‍ പകല്‍ രാത്രിയിലെന്നപോലെ ഇരുട്ടിനെ തപ്പുന്നവരാണ്.
, കേരളത്തിന്റെ വിപ്ലവ സംസ്കാരം അതിന്റെ പടുതിരി കത്തിച്ചു കൊണ്ടിരിക്കുകയാണ്.ആ വിപ്ലവ സംസ്കാരത്തിന്റെ ഉദയത്തിന്റെ നേരിയ അരുണിമ പോലും ഇപ്പോള്‍ കാണാനില്ല. ഈ ഘട്ടത്തിലും സിപിഎമ്മിന്റെ വിജയം ഗോവിന്ദന് സഖാവ് പ്രവചിക്കണമെങ്കില്‍ ഉച്ച കിറുക്ക് ആവാനേ വഴിയുള്ളൂ.
പിണറായിവിജയന് പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചുവെന്നതാണ് പിണറായിസത്തിന്റെ മഹത്വം. ഇത്രയൊക്കെ കണ്ടിട്ടും ഒന്നും സംഭവിക്കില്ലെന്ന് പറയണമെങ്കില്‍ ഉച്ചക്കിറുക്ക് പിടിപെട്ടവനായിരിക്കും.ഫാസിസ്റ്റ് വാഴ്ചകള്‍ ഭൂമുഖത്ത് എങ്ങിനെ ഉദയം ചെയ്തു എന്നത് ലോകത്ത് നേരില്‍ കണ്ട പ്രസ്ഥാനം കമ്മ്യുണിസ്റ്റുകാരുടേതാണ് .കമ്മ്യുണിസ്റ്റുകാര്‍ക്ക് കാലുകുത്താന്‍ ഒരു പിടിമണ്ണുപോലും അവശേഷിക്കരുതെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ജനത അതിന്റെ ആക്രമണം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വരെ എത്തിക്കഴിഞ്ഞു . ഇനി അത് ധൂളിയാകാന്‍ എത്ര സമയം വേണ്ടിവരുമെന്നേ സംശയമുള്ളൂ. കമ്മ്യുണിസത്തിന് തകരണമെങ്കില്‍ അതിന് പോന്ന എതിര് ശക്തി ഉയര്‍ന്നുവരണം.അതാണ് ബംഗാളില്‍ സംഭവിച്ചത്.കേരളത്തില്‍ അല്‍പ്പം കൂടി സമയമെടുക്കുന്നു എന്നേയുള്ളൂ എന്ന് അദ്ദേഹം കുറിച്ചു.