പ്രതിഷേധം വ്യാപകം; ഇന്ധന സെസ് കുറയ്ക്കാൻ സാധ്യത
1 min readതിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ 2 രൂപ ഇന്ധന സെസ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ഏറ്റവുമധികം വില ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. സെസ് ഏർപ്പെടുത്തുന്നതിനു മുൻപു തന്നെ കേരളത്തിലെ പെട്രോൾ വില കർണാടകിയിലേതിനേക്കാൾ 6 രൂപ കൂടുതലാണ്. ഡീസൽ വില 9 രൂപയും. ഇന്ധന വിലവർധനയ്‌ക്കെതിരായി പ്രതിപക്ഷ കക്ഷികൾ സമരരംഗത്താണ്. മുഖ്യമന്ത്രിക്കെതിരെ ഇന്നലെയും പ്രതിഷേധമുണ്ടായി. യുഡിഎഫ് ഇന്നലെ കരിദിനം ആചരിച്ചിരുന്നു. മഹിളാകോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പൗരവിചാരണ ജാഥയും നടത്തി. കോൺഗ്രസ് കലക്ടറേറ്റുകൾ ഉപരോധിക്കും. നിയമസഭയ്ക്കകത്തും പ്രതിഷേധം ശക്തമാകും. കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന കൗൺസിലും പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തു.
ഇതിനിടയിൽ ഇന്ധന സെസ് പിൻവലിക്കാൻ സർക്കാരിനുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദവുമുണ്ട്. സെസ് പൂർണമായും പിൻവലിക്കാനോ വർധന ഒരു രൂപയായി കുറയ്ക്കാനോ സാധ്യതയുണ്ട്. നിയമസഭയിലായിരിക്കും ഇതു സംബന്ധിച്ച പ്രഖ്യാപനം. വർധനയെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും കടുത്ത ജനരോഷത്തിനിടയാക്കിയ തീരുമാനമെന്ന വികാരമാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കുള്ളത്. പ്രശ്നങ്ങൾ സർക്കാർ പഠിക്കട്ടെയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഈ മാസം തുടങ്ങാനിരിക്കുകയാണ്. ജാഥ കേന്ദ്ര നയങ്ങൾക്കെതിരെയാണെങ്കിലും സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് ആശങ്കയുണ്ട്.
നികുതി നിർദ്ദേശങ്ങൾക്ക് അനുകൂലമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും പാർട്ടിക്കാർ മുഴുവൻ ഈ അഭിപ്രായക്കാരല്ല. ഇന്ധന സെസ് ജനങ്ങൾക്ക് ഭാരമാണെന്ന അഭിപ്രായക്കാരാണ് കൂടുതലും. വർധന പിൻവലിക്കണമെന്ന് എഐടിയുസി സംസഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാമൂഹ്യ മാധ്യമ പോസ്റ്റുകൾക്കു താഴെ രൂക്ഷമായ പ്രതിഷേധവും പരിഹാസവുമാണ്. ന്യായീകരണത്തിനു സിപിഎം പ്രവർത്തകർ രംഗത്തിറങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുൻ ധനമന്ത്രിതോമസ് ഐസക്കും ഇന്ധന സെസിനെ ന്യായീകരിക്കാൻ തയ്യാറായില്ല. സെസിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കേരള നേതാക്കളോട് ചോദിക്കൂ എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.