വിമാനം റദ്ദാക്കിയത് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതിനാല്‍ – വാരാണസി വിമാനത്താവളം അധികൃതര്‍
1 min readവാരാണസി : രാഹുല്‍ഗാന്ധിയുടെ വിമാനത്തിനിറങ്ങാന്‍ അനുമതി നിഷേധിച്ചെന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി വാരാണസി വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. രാഹുല്‍ തന്നെ വിമാനം റദ്ദാക്കിയതാണെന്ന് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
രാഹുല്‍ഗാന്ധിയുടെ വിമാനത്തിന് വാരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാന താവളത്തിലിറങ്ങാന്‍ അനുമതി നിഷേധിച്ചെന്നായിരുന്നു യു.പികോണ്‍ഗ്രസ്‌നേതാവ് അജയ് റായിയുടെ ആരോപണം.
”കഴിഞ്ഞ ദിവസം രാത്രി രാഹുല്‍ഗാന്ധിയുടെ വിമാനം വാരാണസി വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിച്ചെങ്കിലും അനുമതി നിഷേധിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചത്.യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരിന് രാഹുല്‍ഗാന്ധിയെ ഭയമായതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചത്” അജയ് റായ് പറയുന്നു.
ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. രാഹുല്‍ഗാന്ധി തന്നെ മെയില്‍ അയച്ച് വിമാനം റദ്ദാക്കാന്‍ ആവശ്യപ്പെട്ടതാണെന്നും ഇതുമായി ബന്ധപ്പെട്ട പ്രസ്താവന തിരുത്തണമെന്നും അവര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.